കോട്ടയം: മെഡിക്കൽ കോളേജിൽ ചികിൽസാ പിഴവിനെ തുടർന്ന് യുവതി മരിച്ചതായി പരാതി. ചങ്ങനാശ്ശേരി സ്വദേശി ഹസീനയാണ് മരിച്ചത്. ഹെർണിയ ശസ്‌ത്രക്രിയക്കിടെ ഉണ്ടായ പിഴവാണ് ഹസീനയുടെ മരണത്തിന് കാരണമെന്ന് ആരോപിച്ച് കുടുംബം ഗാന്ധിനഗർ പോലീസിലും മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞമാസം 17നാണ് ഹസീനയെ കോട്ടയം മെഡിക്കൽ കോളേജിൽ ഹെർണിയ ശസ്‌ത്രക്രിയക്ക് വിധേയമാക്കിയത്. ശസ്‌ത്രക്രിയക്ക് ശേഷം മുറിവിൽ ഇൻഫെക്ഷൻ ഉണ്ടവുകയും ഇത് ചികിൽസിക്കുന്നതിൽ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം.
മുറിവിൽ ഇൻഫെക്ഷൻ രൂക്ഷമായതിനെ തുടർന്ന് ഈമാസം 26ന് ഹസീനയെ വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ ആയിരുന്ന ഹസീന ഇന്നലെ രാവിലെയാണ് മരിച്ചത്. മുറിവിലൂടെ പഴുപ്പും രക്‌തവും വരുന്നുണ്ടെന്ന് പലതവണ അധികൃതരെ അറിയിച്ചിട്ടും മതിയായ ചികിൽസ ലഭിച്ചില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, ബന്ധുക്കളുടെ ആരോപണം ആശുപത്രി അധികൃതർ പൂർണമായും തള്ളി. രോഗിയെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇൻഫെക്ഷൻ അതീവ ഗുരുതരാവസ്‌ഥയിൽ ആയിരുന്നുവെന്നും ലഭ്യമായതിൽ വെച്ച് മികച്ച പരിചരണവും ചികിൽസയുമാണ് നൽകിയതെന്നുമാണ് കോട്ടയം മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം.
Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!




































