തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണാ നടപടികൾ ഒരുമാസത്തേക്ക് നിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവിന് വേണ്ടിയാണ് വിചാരണ മാറ്റിയത്. ഇന്ന് കേസ് പരിഗണിക്കവെ ആയിരുന്നു ഹൈക്കോടതി നിർദ്ദേശം.
കേസിലെ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ. സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എന്നാൽ, നിയമന ഉത്തരവ് കോടതിയിൽ എത്താത്തതിനെ തുടർന്നാണ് വിചാരണ നിർത്തിവെക്കാൻ ഉത്തരവിട്ടത്. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി മുതിർന്ന അഭിഭാഷകൻ രാമൻപിള്ളയാണ് ഹാജരാകുന്നത്.
2019 ഓഗസ്റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Most Read| മലയാളികളായ ട്രീസ ജോളിക്കും മുഹമ്മദ് അജ്മലിനും അർജുന അവാർഡ്



































