അബുദാബി: ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾ ഇന്ന് മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും മാത്രമായിരിക്കും ലഭ്യമാകുകയെന്ന് ഇന്ത്യൻ എംബസിയുടെ പ്രത്യേക അറിയിപ്പ്. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30വരെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുക.
പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ആവശ്യമില്ല. ആദ്യം വരുന്നവർക്ക് മുൻഗണന. തിരക്ക് ഒഴിവാക്കാൻ അപേക്ഷകന് മാത്രമേ എംബസിയിലേക്കും കോൺസുലേറ്റിലേക്കും പ്രവേശനമുള്ളൂ. കുട്ടികൾക്കൊപ്പം മാതാപിതാക്കൾ ഉണ്ടായിരിക്കണമെന്നും അറിയിപ്പുണ്ട്.
പൂർണമായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും സഹിതം നേരിട്ട് അപേക്ഷ നൽകാം. വർധിപ്പിച്ച പാസ്പോർട്ട് സേവന നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് തുക കരുതണം. നിലവിൽ ഫീസ് പണമായി മാത്രമേ സ്വീകരിക്കൂ. കൃത്യമായ തുക അപേക്ഷകർ കൈവശം കരുതണം.
ഇതൊരു താൽക്കാലിക ക്രമീകരണം മാത്രമാണെന്നും പുതിയ സേവന ദാതാവ് വഴിയുള്ള സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും എംബസി അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് 800 46342, +97154 3090571 എന്നീ നമ്പറുകളിലും [email protected] എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാം.
Most Read| ഐടി മാനേജർ ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി; ജീവിതം ഹാപ്പിയെന്ന് നെസ്രിൻ







































