കാരാകുറുശ്ശിയിൽ വീട്ടുപറമ്പിൽ നിന്ന് ലഭിച്ച നിലമാങ്ങ കൗതുകമാകുന്നു. കുണ്ടംതോട് നെടുമണ്ണ് വെട്ടത്തുപറമ്പ് ഗോവിന്ദനുണ്ണിയുടെ പറമ്പിൽ നിന്നാണ് നിലമാങ്ങ ലഭിച്ചത്. കൃഷിക്കായി പറമ്പ് കിളച്ചപ്പോഴാണ് വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന നീലമാങ്ങ ലഭിച്ചത്. നാട്ടുകാർക്കും ഇത് കൗതുകമായി.
ചെറുതും വലുതുമായ ഇരുപതോളം നിലമാങ്ങകളാണ് ലഭിച്ചത്. ഇവ ഗോവിന്ദനുണ്ണി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. നിലമാങ്ങ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന അമൂല്യമായ ഒരു ഔഷധക്കൂട്ടാണ്. ഞെട്ടുള്ള മാങ്ങയെപോലെ ആയതുകൊണ്ടാണ് ഇതിന് നിലമാങ്ങ എന്ന പേര് വന്നത്.
സ്‌ക്‌ളറോട്ടിയം സ്‌റ്റിപിറ്റാറ്റം എന്നാണ് ചിതൽക്കിഴങ്ങ് എന്ന പേരുള്ള നിലമാങ്ങയുടെ ശാസ്‌ത്രീയ നാമം. കെട്ടിടാവശിഷ്‌ടങ്ങളിലും ചിതൽപ്പുറ്റുകളിലും വളരുന്ന നിലമാങ്ങ പാൽച്ചിതലിന്റെ ഇഷ്‌ട ഭക്ഷണമാണ്. പുറമെ കറുത്ത നിറവും അകത്ത് വെള്ള നിറവുമാണ്.
വയനാട്ടിലെ സ്വാമിനാഥൻ ഫൗണ്ടേഷൻ പുറത്തിറക്കിയ ‘ഔഷധക്കൂണുകൾ’ എന്ന പുസ്‌തകത്തിൽ ഇതിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. മിഥുനം, കർക്കടകം മാസങ്ങളിൽ മണ്ണിനടിയിൽ നിന്ന് കറുത്ത പൊടിയോടുകൂടിയ നാരുകൾ പൊന്തിവരാറുണ്ട്. ഇത് നിലമാങ്ങയിൽ നിന്ന് വരുന്നതാണ്. ഇത് ചതച്ചിട്ട്, വെളിച്ചെണ്ണ കാച്ചി ചെവിയിൽ ഒഴിച്ചാൽ ചെവിവേദനയ്‌ക്ക് ആശ്വാസം ലഭിക്കുമെന്ന് പറയുന്നു.
ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങൾ, ഛർദി, ശരീരവേദന എന്നിവയ്‌ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങ. രാസവളം, കീടനാശിനി എന്നിവയുടെ പ്രയോഗത്തിൽ മണ്ണ് നശിച്ചതാണ് നിലമാങ്ങകൾ അപൂർവമാകാൻ കാരണം.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം






































