തൃശൂർ: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും വെല്ലുവിളിച്ച് മുങ്ങിനടന്ന ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി ഒടുവിൽ പിടിയിൽ. കണ്ണൂർ നഗരത്തിലെ അഭിഭാഷകയുടെ ഫ്ളാറ്റിൽ നിന്നാണ് അർജുനെ പിടികൂടിയത്.
ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് അർജുനെ പിടികൂടിയത്. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇതോടെ അർജുൻ കണ്ണൂരിൽ തന്നെ ഉണ്ടാവുമെന്ന് ഉറപ്പിച്ച പോലീസ് പഴുതടച്ച അന്വേഷണം നടത്തുകയായിരുന്നു. സുഹൃത്തായ മറ്റൊരാളും അർജുനൊപ്പം ഫ്ളാറ്റിൽ ഉണ്ടായിരുന്നു. പോലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും.
തളിപ്പറമ്പിലെ ലോഡ്ജിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞതെന്നാണ് വിവരം. പോലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ അർജുൻ ഓട്ടോയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടന്നു. പിന്നീട് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ കാറുമായി വിളിച്ചു വരുത്തുകയായിരുന്നു. ഈ കാറിലാണ് ആയങ്കി കണ്ണൂരിൽ എത്തിയത്.
കഴിഞ്ഞ മെയിൽ പുന്നേക്കാട് റിസോർട്ടിൽ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനൽ ഗൂഡാലോചനയ്ക്കുള്ള ശ്രമമെന്ന പേരിൽ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്. പോലീസിനെതിരെ ഭീഷണി മുഴക്കി രംഗത്തെത്തിയ അർജുൻ പിന്നീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നതിലേക്കും മുഖ്യമന്ത്രി വിഡി സതീശനെ പരിഹസിക്കുന്നതിലേക്കും നീങ്ങി.
ഗൂഢാലോചനക്കേസിൽ ഒരു മാസത്തിലധികം റിമാൻഡിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് കോതമംഗലം ഇൻസ്പെക്ടർക്കെതിരെ, തന്നെ കള്ളക്കേസിൽ കുടുക്കിയതിനാൽ പെൻഷൻ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ആയങ്കി ഭീഷണി മുഴക്കിയത്. ഇതിന്റെ പേരിൽ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് അന്വേഷണത്തിന് ഊന്നുകൽ ഇൻസ്പെക്ടറെ ചുമതലപ്പെടുത്തി.
ഈ കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹരജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ വീണ്ടും പോലീസിനെതിരെ തിരിഞ്ഞത്. സ്റ്റേഷനിൽ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും കഴിയുമെങ്കിൽ തന്നെ പിടിക്കൂ എന്നുമായിരുന്നു വെല്ലുവിളി. പിന്നാലെ ഒളിവിൽപ്പോയ ആയങ്കിയെ തിരിഞ്ഞു പോലീസ് സംസ്ഥാനത്തുടനീളം തിരച്ചിലിൽ ആയിരുന്നു. രക്ഷപ്പെടാൻ അവസരമൊരുക്കിയ അഞ്ച് സുഹൃത്തുക്കളെ എടപ്പാളിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.
Most Read| പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം




































