ജയ്‌പുർ: രാജസ്‌ഥാനിൽ പുതിയ രാഷ്‌ട്രീയ വിവാദം. കോൺഗ്രസിന്റെ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു.
ഹരിയാണയിൽ വെച്ചാണ് ഇവരെ കാണാതായത്. രാജസ്‌ഥാനിലെ തിജാര മുൻസിപ്പൽ കൗൺസിലിൽ നിന്നുള്ള അംഗങ്ങളാണ് ഇവർ. ഇന്ന് നടക്കുന്ന ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ ഹിമാചൽ പ്രദേശിൽ നിന്ന് മടങ്ങവേ ഹരിയാണയിൽ വെച്ചാണ് ഇവരെ കാണാതായത്. കൗൺസിലർമാരെല്ലാം ഹിമാചൽ പ്രദേശിൽ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്.
സംഭവത്തിൽ ഹരിയാണ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഹിമാചൽ പ്രദേശിൽ നിന്ന് ഹരിയാണ വഴി മടങ്ങിയ തങ്ങളുടെ കൗൺസിലർമാരെ ഹരിയാണ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ഹരിയാണയിലെ പഞ്ച്കുള ജില്ലയിലെ ചന്ദിമന്ദിർ-സൂരജ്‌പുർ ടോൾ പ്ളാസയ്‌ക്ക് സമീപത്തുവെച്ചായിരുന്നു നടപടിയെന്നും പോലീസ് വാഹനത്തിലാണ് കൗൺസിലർമാരെ കൊണ്ടുപോയതെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്‌തതെന്നും കോൺഗ്രസ് ആരോപിച്ചു. ബിജെപിയെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് താൽപര്യപ്പെടുകയും ചെയ്‌ത കൗൺസിലർമാരെ അതിൽ നിന്ന് തടയുകയാണ് ചെയ്‌തതെന്നും കോൺഗ്രസ് നേതാവും കൽക മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പ്രദീപ് ചൗധരി പറഞ്ഞു.
35 വാർഡുകളുള്ള തിജാര മുൻസിപ്പൽ കൗൺസിലിൽ 31 ഇടത്തും വിജയിച്ചത് സ്വതന്ത്രരാണ്. ബിജെപിക്ക് മൂന്ന് സീറ്റിലും കോൺഗ്രസിന് ഒരു സീറ്റിലുമാണ് ജയിക്കാനായത്. പാർട്ടി ചിഹ്‌നത്തിൽ മൽസരിച്ച് ജയിച്ചത് ഒരംഗം മാത്രമാണെങ്കിലും 18 സ്വതന്ത്രർ തങ്ങളെയാണ് പിന്തുണയ്‌ക്കുന്നതെന്ന് കോൺഗ്രസ് അവകാശപ്പെടുന്നു.
Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം




































