തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെയും നേതൃത്വത്തിനെതിരെയും യുഡിഎഫ് കൺവീനറും എംപിയുമായ അടൂർ പ്രകാശ് പരസ്യ പ്രതികരണം നടത്തിയ സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അതൃപ്‌തി പുകയുന്നു. അടൂർ പ്രകാശിന്റെ പ്രസ്‌താവനയിൽ മുസ്‌ലിം ലീഗ് അതൃപ്‌തി പരസ്യമാക്കി.
നീക്കം തികച്ചും അനവസരത്തിൽ ഉള്ളതാണെന്നും രാഷ്‌ട്രീയ എതിരാളികൾക്ക് ആയുധം നൽകുന്നതാണെന്നും ലീഗ് നേതാക്കൾ വ്യക്‌തമാക്കി. എംകെ മുനീറിന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ പദവി നൽകുന്ന കാര്യത്തിൽ യുഡിഎഫ് യോഗത്തിൽ വെച്ചുതന്നെ മുൻകൂട്ടി ധാരണയായ കാര്യമാണെന്നും നേതാക്കൾ പറഞ്ഞു.
കോൺഗ്രസിനുള്ളിലെ ചേരിപ്പോരിലേക്ക് മുസ്‌ലിം ലീഗിനെ അനാവശ്യമായി വലിച്ചിഴച്ചതിലാണ് ലീഗ് സംസ്‌ഥാന നേതൃത്വത്തിന് പ്രധാനമായും അതൃപ്‌തിയുള്ളത്. മുനീറിന് പദവി നൽകുന്നത് സംബന്ധിച്ച് വിഡി സതീശൻ, കെസി വേണുഗോപാൽ തുടങ്ങിയ മുതിർന്ന നേതാക്കളുമായി മുമ്പുതന്നെ ആശയവിനിമയം നടത്തുകയും അന്തിമതീരുമാനത്തിൽ എത്തുകയും ചെയ്‌തതാണ്. എന്നിട്ടും ഇക്കാര്യം ഉയർത്തിക്കാട്ടി കോൺഗ്രസിലെ വിഭാഗീയത മറനീക്കി പുറത്തുവന്നത് ലീഗിനെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസിനുള്ളിലെ പ്രശ്‌നം കൂടുതൽ കലുഷിതമായി മാറുകയാണ്. ഒറ്റക്കുള്ള വിമർശനം പ്രകാശിന്റെ വാദം തള്ളുകയാണ് സതീശൻ ചേരി. അടൂരിന്റെ പ്രസ്‌താവന പെട്ടെന്നുണ്ടായ ഒന്നല്ലെന്നും കൃത്യമായ പ്ളാനിങ്ങോടെ സതീശൻ പക്ഷത്തിനെതിരെ നടത്തിയ നീക്കമാണെന്നും കരുതപ്പെടുന്നു. ഹൈക്കമാൻഡ് പ്രതിനിധി ദീപാദാസ് മുൻഷിയുടെ അറിവോടെയും പിന്തുണയോടെയുമാണ് ഈ നീക്കമെന്നാണ് ആരോപണം.
മുൻപ് സർക്കാരിന്റെ ചില നയങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി ദീപാദാസ് മുൻഷി കെപിസിസി പ്രസിഡണ്ടിന് കത്തയക്കുകയും കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിൽ നിലപാടുകൾക്കെതിരെ രംഗത്തുവരികയും ചെയ്‌തിരുന്നു. ദീപാദാസുമായി അടുത്ത ബന്ധമുള്ള മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ജെബി മേത്തറും അടൂർ പ്രകാശിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തിൽ ഹൈക്കമാൻഡിന് പരാതി നൽകുമെന്ന് അടൂർ പ്രകാശ് അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഔദ്യോഗികമായി നൽകിയിട്ടില്ല. അടൂർ പ്രകാശ് ഹൈക്കമാൻഡിനെ സമീപിക്കുകയാണെങ്കിൽ അദ്ദേഹത്തിനെതിരെ സംഘടനാ നടപടി ആവശ്യപ്പെട്ട് സതീശൻ വിഭാഗവും ഹൈക്കമാൻഡിന് പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. എന്നാൽ, കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളിൽ തൽക്കാലം നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































