
നാദാപുരം: കേന്ദ്ര സർക്കാരിന് കീഴിൽ സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായുള്ള ഏഴംഗ ഗ്രീവൻസ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ട്രൂവിഷൻ ന്യൂസ്’ എഡിറ്റർ ഇൻ ചീഫ് കെകെ ശ്രീജിത്തിനെ കേരള പത്രപ്രവർത്തക അസോസിയേഷൻ ആദരിച്ചു.
ഓൺലൈൻ മീഡിയകളുടെ അപ്പക്‌സ് ബോഡിയും പ്രമുഖ ഓൺലൈൻ മീഡിയ മാനേജ്മെന്റ് അസോസിയേഷനുമായ കോംഇന്ത്യയുടെ പ്രതിനിധിയായാണ് ശ്രീജിത്തിനെ ഗ്രീവൻസ് കൗൺസിലിലേക്ക് തിരഞ്ഞെടുത്തത്. 2021ലെ ഐടി ആക്‌ടിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കേന്ദ്ര വാർത്താവിതരണ വകുപ്പ് ഉത്തരവുപ്രകാരമാണ് കൗൺസിൽ പ്രവർത്തിക്കുന്നത്.
എംഎ റസാഖ് എംഎൽഎ പൊന്നാട അണിയിച്ച ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എംകെ അഷറഫ് അധ്യക്ഷനായി. കേരള കൗമുദി പത്രാധിപ പുരസ്‌കാരം നേടിയ രഘുനാഥ് കുറ്റ്യാടി, നേപ്പാളിലെ ദുരന്തമുഖത്ത് സേവനമനുഷ്‌ഠിച്ച ബിജു കക്കയം എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് മധു കടത്തുരുത്തി, ജനറൽ സെക്രട്ടറി സലിം മുഴിക്കൽ, കണ്ണൻ പന്താവൂർ, ബിജു കക്കയം, ഇസ്‌മയിൽ വാണിമേൽ, പികെ രാധാകൃഷ്‌ണൻ, വൽസരാജ് മണലാട്ട്, മുഹമ്മദലി തിനൂർ, രഞ്‌ജിത്ത് നിഹാര എന്നിവർ സംസാരിച്ചു.
കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)യുടെ മുൻ സെക്രട്ടറിയും നിലവിൽ ട്രഷററുമായ ശ്രീജിത്ത്, 24 വർഷമായി മാദ്ധ്യമപ്രവർത്തന മേഖലയിലുണ്ട്. 17 വർഷത്തിലധികം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും വടകര ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.
Health| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക


































