കൊച്ചി: എറണാകുളത്ത് നടന്ന വാർഷിക പൊതുയോഗത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ-ഇന്ത്യ (കോംഇന്ത്യ)ക്ക് പുതിയ നേതൃനിരയെ തിരഞ്ഞെടുത്തു. ഏഴുപേരെ നേതൃനിരയിലേക്കും ഏഴുപേരെ എക്‌സിക്യൂട്ടിവിലേക്കുമാണ് തിരഞ്ഞെടുത്തത്.
വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡണ്ട് സ്‌ഥാനത്തേക്ക് വന്ന പുതിയ ഭരണസമിതിയിൽ ജനറൽ സെക്രട്ടറിയായി മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യുവും, ട്രഷററായി ട്രൂ വിഷൻ ന്യൂസ് എഡിറ്റർ കെകെ ശ്രീജിത്തും തിരഞ്ഞെടുക്കപ്പെട്ടു.
കുഞ്ഞിക്കണ്ണൻ മുട്ടത്ത് (കാസർകോട് വാർത്ത), കെ ബിജിനു (കേരള ഓൺലൈൻ ന്യൂസ്) എന്നിവർ വൈസ് പ്രസിഡണ്ടുമാരായും, കെആർ രതീഷ് (ഗ്രാമജ്യോതി), സ്‌മിത അത്തോളി (മലബാറി ന്യൂസ്) എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ എറണാകുളം ആസ്‌ഥാന മന്ദിരമായ ഐഎംഎ ഹൗസിൽ നടന്ന യോഗത്തിൽ മറുനാടൻ മലയാളി സ്‌ഥാപകനും എഡിറ്ററുമായ ഷാജൻ സ്‌കറിയ ഓൺലൈൻ ആയി പങ്കെടുത്തു. കോംഇന്ത്യ സ്‌ഥാപകാംഗം കൂടിയായ ഇദ്ദേഹം ഉൾപ്പെടുന്ന എക്‌സിക്യൂട്ടിവ് കമ്മിറ്റിയിൽ സാജ് കുര്യൻ (സൗത്ത് ലൈവ്), അബ്‍ദുൾ മുജീബ് (കെ വാർത്ത), കെ ഷാജി (എക്‌സ്‌പ്രസ് കേരള), അജയ് മുത്താന (വൈഗ ന്യൂസ്), അൽ അമീൻ (ഇ വാർത്ത), ഇസഹാഖ് ഈശ്വരമംഗലം (മലബാർ ന്യൂസ്) എന്നിവരുമുണ്ട്.

കുഞ്ഞിക്കണ്ണൻ മുട്ടത്ത് അധ്യക്ഷത വഹിച്ച ജനറൽബോഡിയിൽ മുൻ ജനറൽ സെക്രട്ടറിയും നിലവിലെ ട്രഷററുമായ കെകെ ശ്രീജിത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പിആർ വന്ദന (വൺ ഇന്ത്യ), അബ്‌ദുൾ മുജീബ്, ഷാജി, ഇസഹാഖ് ഈശ്വരമംഗലം, സിടി അനൂപ് (മൂവി മാക്‌സ്), ഗോപകുമാർ (ജനപ്രിയം ന്യൂസ്), ബിനു (മെട്രോ ടിവി) തുടങ്ങിയവർ സംസാരിച്ചു.

കോംഇന്ത്യയുടെ നിരന്തരവും ശക്‌തവുമായ ഇടപെടലിനെ തുടർന്ന് 12 വർഷത്തെ ഇടവേളക്ക് ശേഷം, 2023ൽ ഡിജിറ്റൽ മാദ്ധ്യമങ്ങളുടെ പുതുക്കിയ മീഡിയ ലിസ്‌റ്റ് സംസ്‌ഥാന പിആർ വകുപ്പ് പുറത്തിറക്കിയത് സുപ്രധാന നേട്ടങ്ങളിൽ ഒന്നായി പ്രവർത്തന റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ അംഗീകാരം നേടിയ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും ഡിജിറ്റൽ മീഡിയ സംഘടനയായ കോംഇന്ത്യ, പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തനം കൂടുതൽ ശക്‌തിപ്പെടുത്തുമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തി.
Most Read| എട്ടുമാസത്തെ ബഹിരാകാശ ദൗത്യത്തിൽ മലയാളിയും; ചരിത്രം കുറിക്കാൻ അനിൽ മേനോൻ




































