റിപ്പോർട്ടർ ടിവിയിലെ റെയ്‌ഡ്: ശക്‌തമായി പ്രതിഷേധിച്ച് കോംഇന്ത്യ

റിപ്പോർട്ടർ ടിവി ഉടമകൾക്കെതിരെയുള്ള കേസുകളുടെ മറവിൽ ചാനലിന്റെ ന്യൂസ്‌റൂമിൽ നിയമവിരുദ്ധമായി കടന്നുകയറിയതും മാദ്ധ്യമ പ്രവർത്തകരുടെ മൊബൈലുകൾ കസ്‌റ്റഡിയിൽ എടുത്തതും അവിടെ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതും മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് വിവരങ്ങൾ നൽകുന്നവരിൽ ഭയം ഉൽപാദിപ്പിച്ച് സ്വതന്ത്ര മാദ്ധ്യമ സ്രോതസുകൾ ഇല്ലാതാക്കാനുള്ള ആസൂത്രിത നടപടിയാണ്.

By Senior Reporter, Malabar News
COMIndia on Reporter TV Raid
Image Designed by Team MN

കൊച്ചി: റിപ്പോർട്ടർ ടിവിയുടെ വാർത്താ ആസ്‌ഥാനത്ത് ന്യൂസ് ഡെസ്‌കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാദ്ധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസപ്പെടുത്തുകയും ചെയ്‌തതായി പുറത്തുവന്ന സംഭവത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി.

റിപ്പോർട്ടർ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ പോലീസ് സത്യസന്ധമായി നീങ്ങുമെന്ന വിശ്വാസമാണ് കോംഇന്ത്യയ്‌ക്കുള്ളത്. എന്നാൽ വാർത്താ ശേഖരണത്തിന്റെയും സംപ്രേഷണത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന മാദ്ധ്യമ പ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസപ്പെടുത്തുന്നതും മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന നടപടിയാണ്.

അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ റിപ്പോർട്ടർ ടിവി കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. മാദ്ധ്യമ മേഖലയിലെ സത്യസന്ധതയും മാന്യതയും കാത്തുസൂക്ഷിക്കാൻ എല്ലാ മാദ്ധ്യമ മാനേജ്‌മെന്റുകൾക്കും ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്‌ചയുണ്ടായാൽ അത് സ്വതന്ത്ര അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.

എന്നാൽ, മാദ്ധ്യമ പ്രവർത്തകർക്ക് അവരുടെ തൊഴിൽ നിർവഹിക്കാനുള്ള സ്വാതന്ത്ര്യവും മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് വാർത്തകൾ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശവും ജനാധിപത്യ സംവിധാനത്തിൽ സംരക്ഷിക്കപ്പെടണമെന്നും കോംഇന്ത്യ ചൂണ്ടിക്കാട്ടി.

നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യങ്ങളിൽ പോലും, മാദ്ധ്യമ പ്രവർത്തകരുടെ അവകാശങ്ങളും മാദ്ധ്യമ സ്‌ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടാകണം അന്വേഷണ നടപടികൾ സ്വീകരിക്കേണ്ടത്. അല്ലാത്തപക്ഷം അത് മാദ്ധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാനും സ്വാതന്ത്ര വാർത്താ അവതരണം ഇല്ലായ്‌മ ചെയ്യാനും കാരണമാകും. ന്യൂസ് ഡെസ്‌കിൽ പൊലീസ് നേരിട്ട് ഇടപെടുകയും ബന്ധപ്പെട്ട ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും വാർത്താ പ്രവർത്തനത്തെ തടസപ്പെടുത്തുന്നതും മാദ്ധ്യമലോകത്ത് ആശങ്കയുണ്ടാക്കുന്നതാണ്.

മാദ്ധ്യമ പ്രവർത്തകരുടെ മൊബൈൽ ഫോണുകളിലെയും മറ്റ് ഉപകരണങ്ങളിലെയും വിവരങ്ങൾ മാദ്ധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട സ്വകാര്യവും സ്രോതസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നതും ആയിരിക്കും. അവ കോടതി ഉത്തരവില്ലാതെ കസ്‌റ്റഡിയിൽ എടുക്കുന്നത് അപലപനീയമാണ്. ഇത് മാദ്ധ്യമ സ്‌ഥാപനങ്ങൾക്ക് വിവരങ്ങൾ നൽകുന്നവരെ ഭയപ്പെടുത്തി, സ്വതന്ത്ര മാദ്ധ്യമ സ്രോതസുകൾ ഇല്ലാതാക്കാനും സ്രോതസുകളിൽ ഭയം ഉൽപ്പാദിപ്പിക്കാനുമുള്ള ആസൂത്രിത നടപടിയാണ്.

മാദ്ധ്യമ പ്രവർത്തകരുമായി ബന്ധമില്ലാത്ത കേസിൽ ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാദ്ധ്യമപ്രവർത്തകരുടെ സ്വകാര്യതയും വാർത്താ സ്രോതസുകളുടെ രഹസ്യസ്വഭാവവും സംരക്ഷിക്കാൻ ആവശ്യമായ നിയമാനുസൃതമായ നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്. സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കോംഇന്ത്യ ആവശ്യപ്പെട്ടു.

മാദ്ധ്യമ സ്‌ഥാപനങ്ങളിൽ നിയമനിർവഹണ ഏജൻസികളുടെ ഇടപെടൽ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും അത് മാദ്ധ്യമ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തെയും വാർത്താ സംപ്രേഷണത്തെയും അനാവശ്യമായി തടസപ്പെടുത്താത്ത തരത്തിലായിരിക്കണം പൂർത്തീകരിക്കേണ്ടത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഏത് തരത്തിലുള്ള അനാവശ്യ ഇടപെടലിനെയും കോംഇന്ത്യ ശക്‌തമായി എതിർക്കുമെന്നും കോംഇന്ത്യ പത്രക്കുറിപ്പിൽ പറഞ്ഞു.

അതേസമയം, ‘ജേർണലിസ്‌റ്റുകളുടെ ഫോണുകൾ പിടിച്ചെടുത്തിട്ടില്ല, ഞങ്ങളും ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്, വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും എഡിജിപി വിജയൻ പറഞ്ഞു.

Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE