ജസ്‌റ്റിസ് സിറിയക് ജോസഫ് ആണ് കൗൺസിലിന്റെ ദേശീയ ചെയർമാൻ. ഇദ്ദേഹം ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സുപ്രീംകോടതി മുൻ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ് ചെയർമാനും കേരള ലോകായുക്‌തയുമായിരുന്നു.
കൗൺസിൽ അംഗങ്ങളായി മറ്റു മൂന്നുപേരുകൂടി ചുമതലയേറ്റു. രാഷ്‌ട്രപതിയുടെ മുൻ പ്രസ് സെക്രട്ടറിയും നെതർലൻഡ് മുൻ അംബാസഡറുമായിരുന്ന ഡോ. വേണു രാജാമണി, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, ഡെൽഹിയിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ദീപിക എഡിറ്ററും കൂടിയായ ജോർജ് കള്ളിവയലിൽ എന്നിവരും ഗ്രീവൻസ് കൗൺസിൽ ദേശീയ അംഗങ്ങളാണ്.
ഏഴംഗ ഗ്രീവൻസ് കൗൺസിലിൽ കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച്, കോംഇന്ത്യയുടെ 3 പ്രതിനിധികളും അംഗങ്ങളായാണ് പുനഃസംഘടന. കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവും കോംഇന്ത്യ പ്രസിഡണ്ടും സത്യം ഓൺലൈൻ എഡിറ്ററുമായ വിൻസെന്റ് നെല്ലിക്കുന്നേൽ, ജനറൽ സെക്രട്ടറിയും മലയാളി വാർത്ത എഡിറ്ററുമായ സോയിമോൻ മാത്യു, ട്രഷററും ട്രൂവിഷൻ ന്യൂസ് എഡിറ്ററുമായ കെകെ ശ്രീജിത്തും അംഗങ്ങളായിരിക്കും.
കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെകെഎൻ കുറുപ്പ് ആയിരുന്നു 2021 മുതൽ കഴിഞ്ഞ 5 വർഷം കൗൺസിൽ അധ്യക്ഷൻ. ഇദ്ദേഹം കാലാവധി അവസാനിപ്പിച്ചതിനെ തുടർന്നാണ് പുതിയ കൗൺസിലിനെ തിരഞ്ഞെടുത്തത്. പുതുക്കിയ ഗ്രീവൻസ് കൗൺസിൽ പട്ടിക കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കൈമാറിയതായി കോംഇന്ത്യ പ്രസിഡണ്ട് വിൻസെന്റ് നെല്ലിക്കുന്നേൽ പറഞ്ഞു.

ജൂലൈ 7ന് കൊച്ചിയിൽ ചേർന്ന കോംഇന്ത്യ ജനറൽ കൗൺസിൽ പുതിയ അംഗങ്ങളുടെ പേരുകൾ നിർദ്ദേശിക്കുകയും 18ന് ചേർന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഇതിന് അംഗീകാരം നൽകുകയുമായിരുന്നു. രണ്ടു വർഷമാണ് പുതിയ കൗൺസിലിന്റെ കാലാവധി.
2021ലെ ഐടി ആക്‌ടിലെ മാനദണ്ഡങ്ങൾ അനുസരിച്ച് കേന്ദ്ര വാർത്താവിതരണ വകുപ്പ് ഉത്തരവുപ്രകാരമാണ് കൗൺസിൽ രൂപീകരിച്ചത്. കേന്ദ്ര സർക്കാർ പുതിയ ഐടി ആക്‌ട് പാസാക്കുകയും ‘ഇന്റർമീഡിയറി ഗൈഡ്‌ലൈൻസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ്’ പ്രകാരം ഗ്രീവൻസ് കൗൺസിലുകൾ രൂപീകരിക്കാൻ രാജ്യത്തെ മാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്‌തതിനുശേഷം രാജ്യത്ത് രണ്ടാമതും കേരളത്തിൽ ആദ്യവുമായി രൂപംകൊണ്ട ഗ്രീവൻസ് കൗൺസിൽ കോംഇന്ത്യയുടെ ഡിജിറ്റൽ മീഡിയ ഗ്രീവൻസ് ബോഡിയായ IDPCGC യാണ്.
അന്ന് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായി രൂപംനൽകിയ ഗ്രീവന്‍സ് കൗണ്‍സില്‍ കോംഇന്ത്യയുടേതാണെന്ന പ്രശംസയും ലഭിച്ചിരുന്നു. കേരളത്തില്‍ പരമ്പരാഗത പത്രമാദ്ധ്യമങ്ങളുടെയും വാര്‍ത്താ ചാനലുകളുടെയും ഗ്രീവന്‍സ് കൗൺസിലുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനും ഒരു വര്‍ഷം മുന്‍പ് അംഗീകാരം ലഭിച്ചത് കോംഇന്ത്യക്കാണെന്നതും അന്ന് ശ്രദ്ധേയമായിരുന്നു.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്‌സിജൻ നിലവാരമോ?




































