കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

ജാർഖണ്ഡ് റാഞ്ചി സ്വദേശിനിയായ രേഷം, ക്രൂരമായ ആസിഡ് ആക്രമണത്തിന്റെ അതിജീവിതയാണ്. ഏതൊരു പെൺകുട്ടിയും തളർന്നുപോകാവുന്ന അവസ്‌ഥയിലും വിധിയോട് പോരാടിയ രേഷം, ഇന്ന് ബ്രിട്ടീഷ് സർക്കാരിന്റെ അഭിമാനകരമായ 'ചീവിനിങ് സ്‌കോളർഷിപ്പ്' നേടുന്ന ആസിഡ് ആക്രമണ അതിജീവിതയെന്ന ആദ്യ ഇന്ത്യക്കാരിയാണ്.

By Senior Reporter, Malabar News
resham
രേഷം (Image Courtesy: The Week)

ഏത് പ്രതിസന്ധിയെയും ആത്‌മവിശ്വാസംകൊണ്ട് നേരിട്ട് വിജയിക്കാം എന്നതിന്റെ തെളിവാണ് രേഷം ഫാത്തിമ. ജാർഖണ്ഡ് റാഞ്ചി സ്വദേശിനിയായ രേഷം, ക്രൂരമായ ആസിഡ് ആക്രമണത്തിന്റെ അതിജീവിതയാണ്. ഏതൊരു പെൺകുട്ടിയും തളർന്നുപോകാവുന്ന അവസ്‌ഥയിലും വിധിയോട് പോരാടി രേഷം ഇന്ന് വിജയഗാഥ രചിച്ചു.

ബ്രിട്ടീഷ് സർക്കാരിന്റെ അഭിമാനകരമായ ‘ചീവിനിങ് സ്‌കോളർഷിപ്പ്’ സ്വന്തമാക്കി ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ (എൽഎസ്ഇ) ജെൻഡർ, ഡവലപ്പ്മെന്റ് ആൻഡ് ഗ്ളോബലൈസേഷനിൽ എംഎസ്‌സി അഡ്‌മിഷൻ സ്വന്തമാക്കിയ 29കാരിയായ രേഷം, ഇന്ന് ഏവർക്കും അത്‌ഭുതമാണ്.

ആസിഡ് ആക്രമണത്തെ അതിജീവിച്ച് ഈ ലോകോത്തര ഫെലോഷിപ്പ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടമാണ് രേഷം ഇതോടെ സ്വന്തമാക്കിയത്. 1997 ജംഷെഡ്‌പൂരിൽ ജനിച്ച രേഷം ലഖ്‌നൗവിൽ മുത്തശ്ശനോടൊപ്പം ജീവിക്കുന്നതിനിടെയാണ് 2014 ഫെബ്രുവരിയിൽ ആസിഡ് ആക്രമണത്തിന് ഇരയായത്.

വിവാഹാലോചന നിരസിച്ചതിന്റെ പേരിലായിരുന്നു അമ്മയുടെ അടുത്ത ബന്ധുവായ ആൾ രേഷത്തെ ആക്രമിച്ചത്. കോച്ചിങ് ക്ളാസ് കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന പെൺകുട്ടിയെ കുടുംബാംഗമെന്ന പേരിൽ പ്രതി ബൈക്കിൽ കയറ്റുകയായിരുന്നു. എന്നാൽ, ഹൈവേയിലേക്ക് ബൈക്കോടിച്ച ഇയാൾ, കയ്യിൽ കരുതിയിരുന്ന ആസിഡ് കുപ്പി പൂർണമായും രേഷത്തിന്റെ തലയിലേക്ക് ഒഴിക്കുകയായിരുന്നു.

കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും അസാധാരണ ധൈര്യം സംഭരിച്ച് പ്രതിയെ തള്ളിമാറ്റി രേഷം ഓടി രക്ഷപ്പെടുകയായിരുന്നു. അപരിചിതനായ ഒരു ഓട്ടോ ഡ്രൈവറുടെയും വയോധികന്റെയും സഹായത്താലാണ് രേഷം ആശുപത്രിയിൽ എത്തിയത്. എന്നാൽ, ആക്രമണത്തിന് ശേഷം പോലീസ് ഉദ്യോഗസ്‌ഥരുടെയും ആശുപത്രി അധികൃതരുടെയും പിന്തുണ പോലും ലഭിച്ചില്ലെന്ന് രേഷം വേദനയോടെ ഇന്നും ഓർക്കുന്നു.

താൻ നേരിട്ട അക്രമണത്തിലല്ല, മറിച്ച് താൻ ചെയ്‌ത തെറ്റ് പോലെ മറ്റുള്ളവർ പെരുമാറിയതാണ് അവളെ കൂടുതൽ വേദനപ്പിച്ചത്. നിരവധി ശസ്‌ത്രക്രിയകൾക്ക് രേഷം വിധേയയായി. വേദനകൾ പേറി ജീവിച്ച നാളുകളായിരുന്നു അത്. എന്നാൽ, തോൽക്കാൻ അവൾക്ക് മനസുണ്ടായില്ല. സമൂഹത്തിന്റെ കളിയാക്കലുകളെയും പ്രതിസന്ധികളെയും അതിജീവിച്ച്, സ്വന്തം ജീവിതത്തിലെ കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

വേദനയിലും അവൾ പഠിച്ചു. സയൻസിൽ 87% മാർക്കോടെ പ്ളസ് ടു പരീക്ഷ വിജയിച്ചു. പിറ്റേവർഷം 2015ൽ റിപ്പബ്ളിക് ദിന പരേഡിൽ കുട്ടികൾക്കുള്ള ഉയർന്ന ധീരതാ പുരസ്‌കാരമായ ഭാരത് അവാർഡ് നേടി. അതേവർഷം തന്നെ അക്രമി ജയിലിൽ ആത്‍മഹത്യ ചെയ്‌തു. തളരാതെ പോരാടിയ രേഷം, 2028ൽ ജാമിയ മിലിയ ഇസ്‌ലാമിക സർവകലാശാലയിൽ നിന്ന് ബിഎസ്‌സി ഫിസിക്‌സ് പൂർത്തിയാക്കി.

ജെഎൻയുവിൽ പൊളിറ്റിക്‌സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിൽ മാസ്‌റ്റേഴ്‌സും പൂർത്തിയാക്കി. 2023ൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിന് പ്രവർത്തിക്കുന്ന എബ്രാ ഫൗണ്ടേഷന് തുടക്കമിട്ടു. വിദ്യാഭ്യാസം, കരിയർ, സാമ്പത്തിക സ്വാതന്ത്ര്യം എന്നിവയിൽ യുവ മുസ്‌ലിം പെൺകുട്ടികൾക്ക് വഴികാട്ടിയാവുകയാണ് സംഘടനയിലൂടെ രേഷം ലക്ഷ്യമിടുന്നത്.

2024ൽ അസ്‌ഗർ എന്നയാളെ വിവാഹം കഴിച്ചു. ഇന്ന് ഭർത്താവിന്റെ പൂർണ പിന്തുണയോടെയാണ് സംഘടന പ്രവർത്തിക്കുന്നത്. ഉപരിപഠനത്തിനായി ലണ്ടനിലേക്ക് പോയാലും ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ തുടരുമെന്നും നാട്ടിലെ പെൺകുട്ടികൾക്കായി സ്‌പോക്കൺ ഇംഗ്ളീഷ് ക്ളാസുകൾ ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും രേഷം വ്യക്‌തമാക്കി.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE