ന്യൂഡെൽഹി: എസ്‌ഐആർ (സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ), പുതിയ വോട്ടർമാരെ ചേർക്കൽ, പേരുകൾ നീക്കം ചെയ്യൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന് റിപ്പോർട്. ദി ഇന്ത്യൻ എക്‌സ്‌പ്രസ് ആണ് ഭരണഘടനാ സ്‌ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ചേരിതിരിവ് പുറത്തുവിട്ടത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ സുഖ്‌ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷനിലാണ് ഭിന്നതകൾ നിലനിന്നിരുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികൾ തങ്ങളെ അറിയിക്കാതെ നടത്തിയതിൽ സുഖ്‌ബീറും വിവേകും വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്.
എസ്‌ഐആർ നടപടികളുടെ ഭാഗമായി രാജ്യത്തെ കോടികണക്കിന് ആളുകളുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിക്കുന്ന വിധത്തിൽ ഇത് മാറുകയും ചെയ്‌തിരുന്നു. ഇത് നിയമവിരുദ്ധമെന്ന് ആരോപിച്ച് സുഖ്‌ബീറും വിവേകും രേഖാമൂലം ഗ്യാനേഷ് കുമാറിന് പരാതി നൽകിയിരുന്നു.
കഴിഞ്ഞ പത്തുമാസത്തിനിടെ 14 തവണയാണ് ഇരുവരും വിയോജിപ്പ് രേഖപ്പെടുത്തിയത്. തങ്ങളുടെ അനുമതിയില്ലാതെ കൈക്കൊണ്ടിരിക്കുന്ന തീരുമാനങ്ങൾ പലതും നിയമവിരുദ്ധമാണെന്ന് സുഖ്‌ബീറും വിവേകും ഫയലിൽ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങളിലാണ് വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നത് എന്നാണ് വിവരം.
2025 ജൂണിൽ ബിഹാറിൽ തുടങ്ങി 30 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടപ്പാക്കിയ തീവ്ര വോട്ടർപട്ടിക പുതുക്കൽ വഴി കരട് വോട്ടർപട്ടികയിൽ നിന്ന് 13 കോടിയിലധികം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്‌തിരുന്നു. ഈ നടപടികൾ വലിയ രാഷ്‌ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കെയാണ് മൂന്നംഗ കമ്മീഷനിൽ ഭൂരിപക്ഷമുള്ള രണ്ട് അംഗങ്ങൾ തന്നെ തീരുമാനങ്ങളെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയത്.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം





































