ബെംഗളൂരു: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്‌സ് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുമരണം. 20 പേർക്ക് പരിക്കേറ്റു. ഡ്രൈവർ കോഴിക്കോട് വെള്ളയിൽ സ്വദേശി മിഥിലേഷ്, കണ്ടക്‌ടർ ചേവായൂർ സ്വദേശി അരുൺ എന്നിവരാണ് മരിച്ചത്.
ബെംഗളൂരു- മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ബിഡദിക്ക് സമീപം ഇന്ന് രാവിലെ 6.45ഓടെയാണ് അപകടം. മഴയുള്ള സമയത്ത് നിയന്ത്രണംവിട്ട ബസ് പാതയോരത്തെ വലിയ സൈൻബോർഡ് കമാനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈൻ ബോർഡ് തകർന്ന് വീഴുകയും ബസ് ഒരുവശത്തേക്ക് മറിയുകയും ചെയ്‌തു.
ബെംഗളൂരുവിൽ നിന്ന് ഏകദേശം 30 മുതൽ 40 കിലോമീറ്റർ വരെ അകലെയാണ് അപകടം നടന്ന സ്‌ഥലം. പരിക്കേറ്റവരിൽ നാലുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ കെഎൻസിസി പോലുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബിഡദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്‌ധ ചികിൽസയ്‌ക്കായി സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്ക് മാറ്റി.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണെന്നാണ് വിവരം. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. ഇന്ന് രാവിലെ 9.30ഓടെ ബെംഗളൂരുവിൽ എത്തിച്ചേരേണ്ട ബസായിരുന്നു. കോഴിക്കോട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.
Most Read| പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം




































