മലപ്പുറം: ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ വെളിയങ്കോട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണ നാശനഷ്‌ടങ്ങളുടെ പുനർനിർമാണത്തിലേക്ക് ആദ്യഘട്ടമായി 54.50 ലക്ഷം ചെലവഴിക്കുന്നതിന് സർക്കാർ വകുപ്പുതല സാമ്പത്തിക ഉത്തരവിറക്കി.
ഗ്രാമപഞ്ചായത്തിന്റെ തെക്കുഭാഗത്ത് 182 മീറ്റർ നീളത്തിൽ അടിയന്തര കടലാക്രമണ പ്രതിരോധ പ്രവൃത്തി നടത്തുന്നതിനായാണ് കേരള ജലസേചന വകുപ്പിലൂടെ അടിയന്തിര സാമ്പത്തിക അനുമതി ലഭ്യമായത്. സാങ്കേതിക പരിശോധന, സാങ്കേതിക അനുമതി, ബാധകമായ കരാർ നടപടികൾ എന്നിവ പൂർത്തീകരിച്ച് വേഗത്തിൽ പുനർനിർമാണം ആരംഭിക്കും.
പരിസരത്തെ ഹാച്ചറി കെട്ടിടങ്ങളടക്കം കടലാക്രമണ ഭീഷണിയിൽ ഏതു സമയവും നിലം പതിക്കാവുന്ന നിലയിലാണ്. സ്‌ഥലം സന്ദർശിച്ച് അടിയന്തിര പരിഹാര നടപടി സ്വീകരിക്കുമെന്ന് കെപി നൗഷാദ് അലി പരിസരവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച എംഎൽഎ ഉത്തരവുമായി തിരിച്ചെത്തിയത് തീരദേശവാസികൾക്ക് വലിയ ആശ്വാസമാണ്.
തീരദേശത്തെയും പരിസരങ്ങളിലെയും ബുദ്ധിമുട്ട് സർക്കാരിനെ ബോധ്യപ്പെടുത്താൻ സാധിക്കുകയും അത്യാവശ്യഘട്ടത്തിലേക്ക് അടിയന്തിര നടപടികളുടെ ഭാഗമായി സർക്കാർ ഫണ്ട് അനുവദിക്കുകയും ചെയ്‌തത് വലിയ ആശ്വാസമാണ്. മഴക്ക് ശേഷം, നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പുനർനിർമാണ പ്രവർത്തികൾ ആരംഭിക്കും –എംഎൽഎ നൗഷാദലി പറഞ്ഞു.

കടൽക്ഷോഭത്തിൽ നിന്നുള്ള തീരസംരക്ഷണം എന്ന വകുപ്പിൽ ഉൾപ്പെടുത്തിയാണ് ഔദ്യോഗിക സാമ്പത്തിക അനുമതി ലഭിച്ചിരിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ എസ്‌റ്റിമേറ്റിലും സാങ്കേതിക അനുമതിയിലുമാണ് ഉണ്ടാകുക.
അടുത്തദിവസം തന്നെ എസ്‌റ്റിമേറ്റ് പൂർത്തിയാക്കി മേജർ ഇറിഗേഷൻ ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുമെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
MOST READ | പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി

































