ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുമായി സിബിഐ. ബന്ധപ്പെട്ട വിഷയത്തിൽ വിദഗ്ധരായ പ്രതികൾ വളരെ ആസൂത്രിതമായാണ് ചോദ്യങ്ങൾ ചോർത്തിയതെന്നും വെറുമൊരു സുരക്ഷാ വീഴ്ച മാത്രമല്ല നടന്നതെന്നും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ലക്ഷങ്ങളുടെ ഇടപാടുകളോടെ മാസങ്ങൾ നീണ്ട ആസൂത്രണത്തിലാണ് രാജ്യത്തെ ഉന്നതമായ പരീക്ഷ അട്ടിമറിച്ചിരിക്കുന്നത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന എൻടിഎ വിഷയാധിഷ്ഠിത വിദഗ്ധരും കോച്ചിങ് സെന്റർ ഉടമകളും ഇടനിലക്കാരും ഉദ്യോഗാർഥികളും അടങ്ങുന്ന വലിയ ഒരു ശൃംഖല തന്നെ ഇതിൽ പ്രവർത്തിച്ചുവെന്നും റോസ് അവന്യൂ സ്പെഷ്യൽ സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
ചോദ്യങ്ങൾ മനഃപാഠമാക്കുക, കടലാസ് തുണ്ടുകളിൽ കുറിച്ചെടുക്കുക, പുസ്തകങ്ങളിൽ പ്രസക്തമായ ഭാഗങ്ങൾ അടയാളപ്പെടുത്തുക എന്നിവയായിരുന്നു ചോദ്യങ്ങൾ ചോർത്താൻ ഉപയോഗിച്ച പ്രധാന രീതിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ചോദ്യപേപ്പർ തയ്യാറാക്കാൻ ചുമതലയുണ്ടായിരുന്ന എൻടിഎ (നാഷണൽ ടെസ്റ്റിങ് ഏജൻസി) സംഘത്തിൽ ഉണ്ടായിരുന്ന മൂന്ന് വിദഗ്ധർ എങ്ങനെയാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് 94 പേജുള്ള കുറ്റപത്രത്തിൽ സിബിഐ വിശദീകരിക്കുന്നുണ്ട്.
വിദഗ്ധരായ പിവി. കുൽക്കർണി, മനീഷ മാൻധാരെ, മനീഷ ഹവാൽദാർ എന്നിവരാണ് ചോർച്ചയുടെ പ്രധാന കണ്ണികൾ. കുൽക്കർണി കെമിസ്ട്രിയിലെയും മാൻധാരെ ബയോളജിയിലെയും മനീഷ ഫിസിക്സിലെയും വിദഗ്ധരായിരുന്നു. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റ് ചെയ്ത 13 പ്രതികളിൽ ഇവരും ഉൾപ്പെടുന്നുണ്ട്.
എൻടിഎ കേന്ദ്രത്തിലെ മോഡറേഷൻ പ്രക്രിയയ്ക്കിടെ വിദഗ്ധർ ചോദ്യങ്ങൾ കടലാസ് തുണ്ടുകളിൽ പകർത്തിയെടുക്കുകയും എൻസിഇആർടി പുസ്തകങ്ങളിൽ പ്രധാന ഭാഗങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തു. കടലാസ് തുണ്ടുകളിൽ ഇവർ പകർത്തിയ ചോദ്യങ്ങൾ ഇടനിലക്കാർ വഴിയും കോച്ചിങ് ശൃംഖലകൾ വഴിയും വിദ്യാർഥികളുമായി പങ്കിട്ടെന്നാണ് കണ്ടെത്തൽ.
ഡിജിറ്റൽ തെളിവുകൾ ഇല്ലാതിരിക്കാനാണ് പ്രതികൾ ഇത്തരത്തിൽ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സാമ്പത്തിക നേട്ടവും കോച്ചിങ് സെന്ററുകളുടെ വിജയശതമാനം വർധിപ്പിക്കാനും കൂടിയാണ് പ്രതികൾ ഇത്തരത്തിലൊരു കുറ്റകൃത്യം ചെയ്തതെന്നാണ് കണ്ടെത്തൽ. എൻടിഎയിലെ പോരായ്മകളും സിബിഐ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം



































