ഫ്രഷ് കട്ട്; പ്ളാന്റിന് മുന്നിൽ പ്രതിഷേധം, വാഹനങ്ങൾ തടയുമെന്ന് സമരസമിതി

കോഴി അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന്‌ പിന്നാലെയാണ് സമരം ശക്‌തമാക്കിയത്.

By Senior Reporter, Malabar News
Waste Plant Protest in Thamarassery
മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിൽ നിന്ന് (Image Courtesy: Mathrubhumi Online)

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കി ജനകീയ സമരസമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ളാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭ വേദി മാറ്റി. പ്ളാന്റിലേക്ക് വാഹനങ്ങൾ എത്തിയാൽ തടയാനാണ് സമരസമിതിയുടെ തീരുമാനം.

കോഴി അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തതിന്‌ പിന്നാലെയാണ് സമരം ശക്‌തമാക്കിയത്. കനത്ത മഴയിലും നൂറുകണക്കിന് പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്. പികെ ഫിറോസ് എംഎൽഎയും പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതായി സമരസമിതി പ്രവർത്തകർ പറഞ്ഞു.

കോടതി നിർദ്ദേശപ്രകാരം ജില്ലാ കലക്‌ടറും മലിനീകരണ നിയന്ത്രണ ബോർഡും കമ്പനിയിൽ നടത്തുന്ന തെളിവെടുപ്പിൽ പ്ളാന്റിൽ നിന്നുള്ള മലിനീകരണം സംബന്ധിച്ച വീഡിയോ തെളിവുകൾ കൂടി കൈമാറുമെന്ന് ജനകീയ സമിതി ചെയർമാൻ ബാബു കുടുക്കിൽ പറഞ്ഞു. വരും ദിവസങ്ങളിലും പ്ളാന്റിനെതിരായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോഴി അറവ് മാലിന്യ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ വ്യാപക പരാതികളാണ് സമീപകാലത്തായി ഉയർന്നത്. മാലിന്യ സംസ്‌കരണത്തിലെ അപാകതകൾ മൂലം രൂക്ഷമായ ദുർഗന്ധവും സമീപത്തെ ഇരുതുള്ളി പുഴയിൽ ഉൾപ്പടെയുണ്ടായ വലിയതോതിലുള്ള ജലമലിനീകരണവും വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിച്ചത്‌.

ഇത് താമരശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, ഓമശ്ശേരി തുടങ്ങിയ സമീപ പഞ്ചായത്തുകളിലെ അയ്യായിരത്തോളം കുടുംബങ്ങളെ സാരമായി ബാധിച്ചിരുന്നു. ഇതിനെതിരെ ജനകീയ കർമസമിതിയുടെയും ഇരുതുള്ളി റിവർ പ്രൊട്ടക്ഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി ശക്‌തമായ രാപ്പകൽ സമരങ്ങളും പ്രതിഷേധങ്ങളും പ്രദേശത്ത് നടന്നുവരികയായിരുന്നു.

കഴിഞ്ഞ ഒക്‌ടോബർ 21ന് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ 321 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്‌ഥാനത്തിൽ ബുധനാഴ്‌ചയാണ് ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടത്.

എന്നാൽ, പ്ളാന്റ് ഉടമകളുടെ ഹരജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു. സ്‌ഥാപനത്തിൽ വീണ്ടും പരിശോധന നടത്താൻ കോടതി നിർദ്ദേശം നൽകി. മലിനീകരണ നിയന്ത്രണ ബോർഡും ജില്ലാ കലക്‌ടറും സംയുക്‌ത പരിശോധന നടത്താനാണ് നിർദ്ദേശം. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാകും പ്ളാന്റിന്റെ തുടർ പ്രവർത്തനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. കേസ് 13ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Most Read| പോലീസ് യൂണിഫോമിൽ മകൾ; കോവിഡ് കവർന്ന അമ്മയുടെ ആഗ്രഹ സഫലീകരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE