ചണ്ഡീഗഡ്: രാജ്യത്തെ ആദ്യ ഹൈഡ്രജൻ എൻജിൻ ട്രെയിൻ ഹരിയാണയിലെ ജിങ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്യുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തതാണ്.
ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ബ്രോഡ്ഗേജ് ഹൈഡ്രജൻ ട്രെയിൻ എന്ന റെക്കോർഡോടെയാണ് നമോ ഗ്രീൻ റെയിൽ’ ട്രാക്കിലെത്തുന്നത്. ജിന്ദിനും സോനിപത്തിനും ഇടയിൽ 89 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ സർവീസ്. പരിസ്ഥിതി സൗഹൃദ യാത്രയാണ് ഹൈഡ്രജൻ തീവണ്ടികളുടെ പ്രത്യേകത. ഹൈഡ്രജനും ഓക്സിജനും സംയോജിപ്പിച്ചു വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ് തീവണ്ടിയുടെ പ്രവർത്തനം.
ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയാണ് ഉപയോഗപ്പെടുത്തുന്നത്. 2600 പേർക്ക് സഞ്ചരിക്കാം. ജിന്ദിൽ പ്രത്യേക ഹൈഡ്രജൻ ഉൽപ്പാദന, റീഫ്യൂവലിങ് പ്ളാന്റും സജ്ജമാക്കി. ഇവിടെ കംപ്രസ് ചെയ്ത ഹൈഡ്രജൻ വാതകം സംഭരിക്കാനും വിതരണം ചെയ്യാനും സംവിധാനമുണ്ട്. മണിക്കൂറിൽ 75 കിലോമീറ്റർ വേഗത്തിലാകും നിലവിൽ ഓടുക. എന്നാൽ, മണിക്കൂറിൽ 110 കിലോമീറ്റർ പരമാവധി വേഗം കൈവരിക്കാനാകും.
വളരെ കുറഞ്ഞ ശബ്ദം മാത്രമേ ട്രെയിനിന് ഉണ്ടാകൂ. വാണിജ്യ ഹൈഡ്രജൻ യാത്രാവണ്ടികൾ ആദ്യമായി അവതരിപ്പിച്ച രാജ്യം ജർമനിയാണ്. ഫ്രാൻസ്, ജപ്പാൻ, ചൈന, യുഎസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഹൈഡ്രജൻ തീവണ്ടി ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും.
Most Read| കിണറ്റിലിറങ്ങി വനിതാ പഞ്ചായത്തംഗം; പെൺകരുത്തിൽ നാട്ടുകാർക്ക് കുടിവെള്ളം



































