കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ വിദഗ്‌ധ സമിതിയുടെ റിപ്പോർട് ഇന്ന് പോലീസിന് കൈമാറിയേക്കും. ഇന്നലെ പോലീസ് വീട്ടിലെത്തി മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പിതാവ് സൂരജിന്റെയും മാതാവ് വിജിഷയുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ചികിൽസാ പിഴവ് പരാതിയിൽ ഉറച്ച് നിൽക്കുകയാണ് മാതാപിതാക്കൾ. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിട്ടും ചികിൽസ വൈകിയെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു. അനസ്‌തേഷ്യ നൽകിയ ഡോക്‌ടർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.
എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ മകൻ ദേവാൻഷ് ശൗര്യ ആണ് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്റർ ചികിൽസയിലിരിക്കെ മരിച്ചത്. ജൂലൈ അഞ്ചാം തീയതി വീട്ടിൽ കളിക്കുന്നതിനിടെ വീണ് മുഖത്തും ചുണ്ടിലും മുറിവേറ്റ കുട്ടിയെ സ്‌റ്റിച്ചിടാനായി പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മയങ്ങി വീഴുകയും കണ്ണ് മുകളിലേക്ക് ആവുകയും ചെയ്‌തുവെന്നാണ് കുടുംബം പറയുന്നത്. കുഞ്ഞിനെ ഉടൻ തന്നെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പത്താം തീയതി കുഞ്ഞ് മരണത്തിന് കീഴടങ്ങി. അനസ്‌തേഷ്യ നൽകിയതിന് ശേഷം കുട്ടിയുടെ തലച്ചോറിലേക്കുള്ള ഓക്‌സിജൻ വിതരണം തടസപ്പെട്ടെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
Most Read| ഇരുട്ടിൽ തപ്പി കേരളം; പവർകട്ട് പതിവാകും, നിയന്ത്രിച്ചാൽ രക്ഷപ്പെടാം




































