അജിത് കുമാറിനെതിരെ കൂടുതൽ തെളിവുകൾ; പുതുക്കിയ റിപ്പോർട് കൈമാറി

ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ കേസ് ഡയറി തിരുത്തിയതിലടക്കം അജിത് കുമാറിന്റെ ഇടപെടൽ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുതിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.

By Senior Reporter, Malabar News
MR Ajith Kumar
എംആർ അജിത് കുമാർ

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനത്തിൽ എഡിജിപി എംആർ അജിത് കുമാറിന്റെ ഇടപെടൽ സംബന്ധിച്ചുള്ള പുതിയ റിപ്പോർട് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഡിജിപിക്ക് സമർപ്പിച്ചു. എസ്‌പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാഴ്‌ച മുൻപ് സമർപ്പിച്ച റിപ്പോർട് കൂടുതൽ വ്യക്‌തത തേടി കഴിഞ്ഞ ദിവസം ഡിജിപി റാവാഡ എ ചന്ദ്രശേഖർ മടക്കിയിരുന്നു.

വ്യക്‌തത ആവശ്യമുള്ള ഭാഗങ്ങളിൽ തുടരന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട് സമർപ്പിക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടാണ് ഇന്നലെ വൈകീട്ട് സമർപ്പിച്ചത്. സംഭവത്തിലെ കേസ് ഡയറി തിരുത്തിയതിലടക്കം അജിത് കുമാറിന്റെ ഇടപെടൽ തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുതിയ റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും.

പുതുക്കിയ റിപ്പോർട് നടപടിക്ക് ശുപാർശ ചെയ്‌ത്‌ ഡിജിപി ഉടൻ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തുടർന്ന് ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലാകും വകുപ്പുതല നടപടി തീരുമാനിക്കുക. ഡിജിപി സ്‌ഥാനത്തേക്കുള്ള അജിത് കുമാറിന്റെ സ്‌ഥാനക്കയറ്റം തടയുന്നതിന് അതിവേഗ നടപടി വേണമെന്നാണ് രക്ഷാപ്രവർത്തന കേസിലെ ഇരകളായ എഡി തോമസ് എംഎൽഎയുടെയും അജയ് ജുവൽ കുര്യാക്കോസിന്റെയും നിലപാട്.

ഇരുവരും ഇന്ന് മുഖ്യമന്ത്രിയെ കാണാനിരിക്കെയാണ് ഇന്നലെ വൈകീട്ടോടെ റിപ്പോർട് ഡിജിപിക്ക് മുന്നിലെത്തിയത്. അഗ്‌നിരക്ഷാ സേനാ മേധാവി നിധിൻ അഗർവാൾ 31ന് വിരമിക്കുമ്പോൾ അജിത് കുമാറിന് ഡിജിപി റാങ്കിൽ സ്‌ഥാനക്കയറ്റം ലഭിക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്‌ക്രീനിങ് കമ്മിറ്റി 20ന് യോഗം ചേരും.

2023 ഡിസംബർ അഞ്ചിന് വൈകീട്ട് നവകേരള സദസ് പരിപാടിക്ക് വന്ന മുഖ്യമന്ത്രിയുടെ ബസിന് മുന്നിൽ ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷന് സമീപം പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ പ്രസിഡണ്ട് എഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അജയ് ജുവൽ കുര്യാക്കോസ് എന്നിവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ ഗൺമാനും സംഘവും ചേർന്ന് മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽകുമാർ, അകമ്പടി സേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. കേസ് അട്ടിമറിക്കാൻ ഇടപെട്ടത് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ. അജിത് കുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട് നൽകിയിരുന്നു.

ഈ റിപ്പോർട്ടിൽ ഡിജിപി നിയമോപദേശം തേടിയിരുന്നു. എന്ത് നടപടി സ്വീകരിക്കണമെന്നതിലാണ് ഡിജിപി നിയമോപദേശം തേടിയത്. കേസ് അട്ടിമറിക്കാൻ അജിത് കുമാർ ശ്രമിച്ചതിന്റെ തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, ഇതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടായില്ല. റിപ്പോർട് ലഭിച്ചാൽ ഉടൻ അജിത് കുമാറിനെതിരെ നടപടി സ്വീകരിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.

Most Read| മനംമയക്കും മനോഹാരിത; പറാൽ പാടശേഖരത്ത് പിങ്ക് വസന്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE