തിരുവനന്തപുരം: പിഎസ്സി താൽക്കാലിക നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ചയ്ക്കുള്ളിൽ പിഎസ്സിക്ക് റിപ്പോർട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദ്ദേശം നൽകി.
ഇക്കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് വ്യക്തമാക്കിക്കൊണ്ട് ഭരണപരിഷ്കാര വകുപ്പ് കത്തയച്ചു. ഒഴിവുകൾ റിപ്പോർട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്.
ആദ്യഘട്ടം എന്ന നിലയിലാണ് ഇപ്പോൾ കത്ത് നൽകിയിട്ടുള്ളത്. അടുത്ത ഘട്ടമായി പിഎസ്സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നേരിട്ട് നടപടികളിലേക്ക് കടന്നേക്കും. സമീപകാലത്തെ നിയമനങ്ങളിലെ ക്രമക്കേടുകളിൽ വിശദമായ അന്വേഷണമുണ്ടാകും. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ സംഭവിച്ച വീഴ്ചയിൽ ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കഴിഞ്ഞ ഒരാഴ്ചയായി കിട്ടുന്ന പരാതികളിൽ ഏറെയും കേരള പബ്ളിക് സർവീസ് കമ്മീഷനെതിരെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഈ പരാതികളിലെല്ലാം പ്രത്യേക കെട്ടാക്കി സൂക്ഷിച്ചിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ചാൽ അവർക്ക് ഇവ കൈമാറും. ഇത്തരം പരാതി പിഎസ്സിക്ക് തന്നെ കൈമാറുന്ന പഴയ രീതി തുടരേണ്ടതില്ലെന്നാണ് തീരുമാനം.
പിഎസ്സിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളിൽ തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. നിലവിൽ പിഎസ്സിയിൽ പരാതിയുമായി എത്തുന്നവരോട് അത് പെട്ടിയിൽ ഇടാനാണ് പറയുന്നത്. ഈ പരാതികളിൽ തുടർ നടപടികളുമില്ല. ഇ-മെയിൽ വഴി പരാതി നൽകിയാൽ മറുപടി പോലും കിട്ടില്ല. അഞ്ചുവർഷമായി ഇതാണ് സ്ഥിതി.
Most Read| വിപിഎന്നിന് കടുത്ത നിയന്ത്രണങ്ങൾ വരുന്നു; പുതിയ നിയമം നടപ്പാക്കാൻ കേന്ദ്രം




































