പാലക്കാട്: ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനക്കിടെ ഹേമാംബിക പോലീസ് സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥയെ അടക്കം മൂന്ന് പോലീസുകാരെ ആക്രമിച്ച കേസിലെ പ്രതി ജിനേഷ് സൈനികൻ. റാഞ്ചിയിൽ നിന്ന് നാട്ടിൽ ലീവിനെത്തിയതാണ് ജിനേഷ്.
ജിനേഷിന്റെ സുഹൃത്തുക്കളായ തൃക്കളൂർ സ്വദേശികളായ രഞ്ജിത്ത് (37), അനീഷ് (35), അരിയൂർ സ്വദേശി പ്രവീൺ (39) എന്നിവരും പോലീസ് പിടിയിലായി. ഹേമാംബിക നഗർ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എസ്. സുദർശന, എസ്ഐ ജോൺ സേവ്യർ, സീനിയർ സിപിഒ രജീഷ് എന്നിവർക്കാണ് മർദ്ദനമേറ്റത്.
ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹനങ്ങൾ പരിശോധിക്കുന്നതിനിടെ മലമ്പുഴ ഭാഗത്തുനിന്ന് കാറിലെത്തിയ പ്രതികൾ പരിശോധന ചോദ്യം ചെയ്ത് പോലീസിനെ ആക്രമിക്കുകയായിരുന്നു. വാഹനം കൈകാട്ടി നിർത്തിച്ച് പരിശോധന നടത്തിയ ജോൺ സേവ്യറിനെയാണ് ആദ്യം ആക്രമിച്ചത്. പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജിനേഷ് ഇദ്ദേഹത്തിന്റെ മുഖത്തടിച്ചു, കണ്ണട അടിച്ചു പൊട്ടിച്ചു. തടയാൻ ചെന്നപ്പോഴാണ് വനിതാ എസ്ഐ ഉൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം ഉണ്ടായത്.
ഇതിനിടെ ഒരു പ്രതി സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പോലീസ് പറഞ്ഞു. പോലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് വിവരം നൽകിയതോടെ സ്റ്റേഷനിൽ നിന്ന് കൂടുതൽ ഉദ്യോഗസ്ഥർ എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഇവരെ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ ജോലി തടസപ്പെടുത്തിയതിനും വനിതാ എസ്ഐ ഉൾപ്പടെയുള്ളവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും ഉൾപ്പടെ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
Most Read| ഇത് അത്ഭുതം! ഒരൊറ്റ മാവിൽ വിരിഞ്ഞത് 350 ഇനം മാമ്പഴങ്ങൾ




































