ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന ക്രമക്കേടിൽ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ക്ഷേത്ര ട്രസ്‌റ്റ് അംഗം നൽകിയ പരാതിയിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എട്ടുപേർക്കെതിരെയാണ് കേസ്. പ്രത്യേകാന്വേഷണ സംഘം പരിശോധന നടത്തി പ്രാഥമിക റിപ്പോർട് നൽകി രണ്ടുദിവസം കഴിഞ്ഞിട്ടും സർക്കാർ കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.
ആർഎസ്എസുമായും സംഘപരിവാറുമായും അടുത്ത ബന്ധമുള്ള നേതാക്കൾ ഉൾപ്പെട്ട ട്രസ്‌റ്റാണ് ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. കാണിക്ക എണ്ണിത്തിട്ടപ്പെടുത്തുന്നതും സംഭാവനകൾ കൈകാര്യം ചെയ്യുന്നതും ഈ ട്രസ്‌റ്റിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നു.
എന്നാൽ, സംഭാവനയായി ലഭിക്കുന്ന പണത്തിലും മറ്റു സാധനങ്ങളിലും വലിയ രീതിയിലുള്ള തിരിമറി നടക്കുന്നു എന്ന ആരോപണം ഉയർന്നതോടെ ട്രസ്‌റ്റിനെ ഭരണപരമായ ചുമതലകളിൽ നിന്ന് മാറ്റിനിർത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. തുടർന്ന് ചുമതല ജില്ലാ മജിസ്‌ട്രേറ്റിന് നൽകുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് സംഭാവനയായി ലഭിച്ച സ്വർണം, വെള്ളി, വജ്രം തുടങ്ങിയ വിലയേറിയ വസ്‌തുക്കൾ നഷ്‌ടപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഏകദേശം 200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. തുടർന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോർട് കൈമാറിയിരുന്നു.
Most Read| വാണിജ്യ എൽപിജി സിലിണ്ടറുകളുടെ നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ



































