കാസർഗോഡ്: ഡോക്‌ടർമാർ ഇല്ലാത്തതിനെ തുടർന്ന് കാസർഗോഡ് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം അടച്ചുപൂട്ടി. ഇന്നുമുതൽ ആശുപത്രിയിൽ ഡോക്‌ടർമാരുടെ സേവനം ലഭിക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്.
ആശുപത്രിയിൽ ഉണ്ടായിരുന്ന മൂന്ന് ഡോക്‌ടർമാരും പിജി പരീക്ഷ എഴുതാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി അവധിയിൽ പ്രവേശിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മൂന്ന് ഡോക്‌ടർമാർ രാജിവെച്ച് പോയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേസമയം, രോഗികളുടെ ദുരിതം ഒഴിവാക്കാൻ നാളെ ദേശീയ ആരോഗ്യ മിഷനിൽ നിന്ന് ഒരു ഡോക്‌ടറെ പുതിയതായി നിയമിക്കുമെന്നും ഡിഎംഒ വ്യക്‌തമാക്കിയിട്ടുണ്ട്.
അതിനിടെ, കഴിഞ്ഞ പത്തുവർഷത്തെ പിണറായി ഭരണം കാസർഗോഡ് ജില്ലയിലെ ആരോഗ്യമേഖലയെ തകർത്ത് തരിപ്പണമാക്കിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു.
പ്രശ്‌നം നേരത്തെ മനസിലാക്കി ആരോഗ്യവകുപ്പ് ജാഗ്രത കാണിക്കേണ്ടതായിരുന്നു. കട അടയ്‌ക്കുന്ന ലാഘവത്തോടെ കുടുംബാരോഗ്യ കേന്ദ്രം അടച്ചു പൂട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































