കണ്ണൂർ: ക്ളാസിൽ തലകറങ്ങി വീണ വിദ്യാർഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന ആരോപണം അടിസ്‌ഥാനരഹിതമെന്ന് തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി. സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലാണ് ഏജൻസി ഇക്കാര്യം വ്യക്‌തമാക്കിയത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഏജൻസി ഒരു അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിക്ക് ക്ളാസിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ നൽകിയ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ആരോപണം തെറ്റാണെന്ന് കണ്ടെത്തിയതെന്നും ഏജൻസി വ്യക്‌തമാക്കി.
കുട്ടികൾ നൽകിയ മൊഴി പ്രകാരം അധ്യാപിക കുട്ടിയെ ചവിട്ടുകയോ മോശമായി പെരുമാറുകയോ ചെയ്‌തിട്ടില്ല. ഡെസ്‌കിൽ കയറിയിരുന്നപ്പോൾ വീണതാണെന്നാണ് സഹപാഠികൾ അധ്യാപികയെ അറിയിച്ചത്. പരാതിക്ക് പിന്നിൽ ബാഹ്യശക്‌തികളുടെ ഇടപെടലുണ്ടെന്നും ഏജൻസി വ്യക്‌തമാക്കി.
ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂളിലെ അധ്യാപിക സിസ്‌റ്റർ ലിൻഡോ ജോസിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. ഒട്ടേറെ ആരോഗ്യ പ്രശ്‍നങ്ങൾ നേരിടുന്ന കുട്ടി ക്ളാസിൽ കുഴഞ്ഞുവീഴുകയും അബോധാവസ്‌ഥയിൽ ആവുകയും ചെയ്‌തപ്പോഴാണ് അധ്യാപിക ക്രൂരമായി പെരുമാറിയതെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി.
‘നീ ഇതുവരെ ചത്തില്ലേ’ എന്ന് ചോദിക്കുകയും, കൂടാതെ കുട്ടിയെ ചവിട്ടിയെന്നും രക്ഷിതാക്കൾ പരാതിയിൽ പറഞ്ഞിരുന്നു. ആരോപണത്തിന് പിന്നാലെ അധ്യാപികയെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയിരുന്നു. കുട്ടിയുടെ ശാരീരികാവസ്‌ഥയെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും സാധാരണ രീതിയിലാണ് ഇടപെട്ടതെന്നുമാണ് അധ്യാപികയുടെ വിശദീകരണം. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്‌തതെന്നും അധ്യാപിക വ്യക്‌തമാക്കിയിരുന്നു.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം


































