കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ മദ്യം നൽകി കൂട്ടബലാൽസംഗം ചെയ്ത കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. പരാതി ലഭിച്ച് മണിക്കൂറൂകൾക്കുള്ളിലാണ് മുഴുവൻ പ്രതികളെയും പേരാമ്പ്ര പോലീസ് പിടികൂടിയത്. യുവതിയെ മദ്യവും ലഹരിവസ്തുക്കളും നൽകി പീഡിപ്പിച്ചുവെന്നാണ് കേസ്.
വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരെയാണ് പേരാമ്പ്ര പോലീസ് ഒരു രാത്രി മുഴുവൻ നീണ്ട തിരച്ചിലിനൊടുവിൽ പിടികൂടിയത്.
കാപ്പാട്, കോഴിക്കോട്ടെ ആഴ്ചവട്ടം, നടുവണ്ണൂരിന് സമീപത്തെ കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. യുവതിയെ വിവിധയിടങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച് മദ്യവും ലഹരിയും നൽകിയാണ് പ്രതികൾ ചേർന്ന് പീഡിപ്പിച്ചത്.
കേസിലെ പ്രതിയായ റജീഷ് കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളാണ്. കാപ്പ കേസ് നിലനിൽക്കെ സ്വന്തം പിതാവിനെ മർദ്ദിച്ച് വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. പ്രതികളിൽ ഒരാളുടെ ബന്ധുവാണ് യുവതി. യുവതിയെ പീഡനത്തിന് ഇരയാക്കാൻ ഒത്താശ ചെയ്തതിന് ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായി പരാതിയിൽ പറയുന്നു.
പീഡനദൃശ്യം പ്രതികൾ മൊബൈലിൽ പകർത്തിയതായും പരാതിയിലുണ്ട്. ഒട്ടേറെത്തവണ പീഡനം നടന്നെങ്കിലും ഭീഷണി കാരണം യുവതി പുറത്തു പറയാതിരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതലയുള്ള പേരാമ്പ്ര എഎസ്പി പി. ആരതി അറിയിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































