മലപ്പുറം: ജില്ലയിലെ പൊന്നാനി കേന്ദ്രമായി ഒരു സർക്കാർ കോളേജ് സ്ഥാപിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഒരു മണ്ഡലത്തിൽ ഒരു സർക്കാർ കോളേജ് എന്ന നയമനുസരിച്ച് വിഷയം അടിയന്തിര ആവശ്യമായി പരിഗണിക്കണമെന്നും പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (PCWF) അക്കാദമിക്ക് കൗൺസിൽ ആവശ്യപ്പെട്ടു.
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പൊന്നാനി നിയമസഭാ മണ്ഡലത്തിൽ 2,16,585 രജിസ്റ്റർ ചെയ്ത വോട്ടർമാർ ഉണ്ടായിരുന്നു. 18 വയസിന് താഴെയുള്ളവരെയും വോട്ടർ ലിസ്റ്റിൽ ഉൾപ്പെടാത്തവരെയും കണക്കിലെടുക്കുമ്പോൾ അഞ്ചുലക്ഷത്തിനടുത്ത് ജനസംഖ്യ ഉണ്ടാകുമെന്നാണ് ഏകദേശ കണക്ക്. ഇത്രയും ജനസംഘ്യയുള്ള, 1951ൽ രൂപം കൊണ്ട പൊന്നാനി നിയമസഭാ മണ്ഡലത്തിൽ മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സ്വകാര്യ മാനേജ്മെന്റ് നടത്തുന്ന എയ്ഡഡ് കോളേജായ എംഇഎസ് ആണ് ആകെയുള്ളത്.
പൊന്നാനി നിയമസഭാ മണ്ഡലം വലിയൊരു തീരദേശ ജനവിഭാഗം അധിവസിക്കുന്ന പ്രദേശമാണ്. മൽസ്യതൊഴിലാളികൾ, സാധാരണ തൊഴിലാളികൾ, താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ കുടുംബങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയിലെ വിദ്യാർഥികൾക്ക് കുറഞ്ഞ ചെലവിൽ ഗുണമേൻമയുള്ള ഉന്നതവിദ്യാഭ്യാസം സ്വന്തം പ്രദേശത്ത് ലഭ്യമാക്കേണ്ടത് സാമൂഹിക നീതിയുടെ ഭാഗമാണ്.
മണ്ഡലത്തിലെ വിദ്യാഭ്യാസ ആവശ്യവും സാഹചര്യവും ജനസംഖ്യയും പരിഗണിച്ച് കേരള സർക്കാർ നേരിട്ട് നടത്തുന്ന, വിവിധ വിഷയങ്ങളിലായി 400 സീറ്റെങ്കിലുമുള്ള ഒരു പൊതു സർക്കാർ കോളേജ് പൊന്നാനിക്ക് അത്യന്താപേക്ഷിതമാണ്. സ്വകാര്യ മാനേജ്മെന്റിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനച്ചെലവ് സാമ്പത്തികമായി പിന്നാക്കാവസ്ഥയുള്ള പൊന്നാനിയിലെ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് തീരദേശ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനച്ചെലവിനൊപ്പം ദൂരയാത്രയുടെ ചെലവും സമയവും അധിക ബാധ്യത സൃഷ്ടിക്കുന്നതിനാലാണ് പ്രദേശം ഉന്നത വിദ്യാഭ്യാസത്തിൽ പിറകിൽ നിൽക്കുന്നത്.
പ്രദേശത്ത് ഒരു സർക്കാർ കോളേജ് ആരംഭിക്കുന്നത് കുറഞ്ഞ ഫീസിൽ കൂടുതൽ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കാനും തീരദേശ മേഖലയിലെ വിദ്യാർഥികൾക്കും സ്ത്രീകൾക്കും സാമ്പത്തികമായി പരിമിതമായ കുടുംബങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കും.
പൊന്നാനിയുടെ ജനസംഖ്യ, യുവജനസാന്ദ്രത, തീരദേശ സാമൂഹിക ഘടന, നിലവിലുള്ള ഉന്നത വിദ്യാഭ്യാസ പരിമിതികൾ എന്നിവ പരിഗണിക്കുമ്പോൾ, പൊന്നാനിയിൽ ഒരു സമഗ്ര സർക്കാർ കോളേജ് സ്ഥാപിക്കണമെന്ന ആവശ്യം ന്യായീകരിക്കാവുന്നതും സാമൂഹികമായി പ്രസക്തവുമാണെന്നും ഈ ദയനീയാവസ്ഥ അടിയന്തിര ആവശ്യമായി പരിഗണിക്കണെമന്നും PCWF അക്കാദമിക്ക് കൗൺസിൽ ഏകകണ്ഠമായി ആവശ്യപ്പെട്ടു.
അക്കാദമിക്ക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ വിദ്യാർഥികൾക്കായി ഒരു വിവര വിതരണ കേന്ദ്രം ആരംഭിക്കാനും അർഹരായ മുഴുവൻ വിദ്യാർഥികൾക്കും പഠനപിന്തുണാ സംവിധാനമൊരുക്കാനും കാവിൽപ്പടി ആയൂർ ഗ്രീനിൽ ചേർന്ന അക്കാദമിക്ക് കൗൺസിൽ യോഗം തീരുമാനിച്ചു.
പ്രൊഫ. കെ ഇമ്പിച്ചിക്കോയ ഉൽഘാടനം ചെയ്ത യോഗത്തിൽ പ്രൊഫ. വികെ ബേബി അധ്യക്ഷത വഹിക്കുകയും സിഎസ് പൊന്നാനി മുഖ്യപ്രഭാഷണം നിർവഹിക്കുകയും ചെയ്തു. ഒസി സലാഹുദ്ദീൻ, അടാട്ട് വാസുദേവൻ, പ്രൊഫ. മുഹമ്മദ് ഇക്ബാൽ, പ്രൊഫ. കെഎം ചന്ദ്രഹാസൻ, പ്രൊഫ. ഹംസ പിവി, എസ് ലത വിജയൻ, ലത്തീഫ് കളക്കര, ഇ ഹൈദരാലി, ടിവി അബ്ദുറഹിമാൻ കുട്ടി, കെ ശ്രീരാമനുണ്ണി, എംടി ഷെരീഫ്, കുഞ്ഞൻബാവ. കെ, കമാലുദ്ദീൻ പിപി, വിവി മുഹമ്മദ് അഷറഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































