തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷണത്തിലേക്ക്. സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ജിഎസ്‌ടി വകുപ്പ് ഇഡിക്ക് കത്ത് നൽകും.
ജിഎസ്‌ടി വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഈ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്തിയത്. 13 കമ്പനികൾ വഴിയാണ് വൻതോതിൽ ഇടപാടുകൾ നടന്നതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, ഇതിൽ ഏഴ് കമ്പനികൾക്ക് മാത്രമാണ് ജിഎസ്‌ടി രജിസ്‌ട്രേഷൻ ഉള്ളതെന്നാണ് സ്‌ഥിരീകരണം.
പണമിടപാടുകൾക്ക് മാത്രമായി രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്ന കാര്യത്തിൽ എസ്ഐടി സംശയം പ്രകടിപ്പിച്ചു. അർജന്റീന സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും സജീവമായതെന്നും കണ്ടെത്തിയിട്ടുണ്ട്.
പരിപാടിക്കായി ആദ്യഘട്ടത്തിൽ 126 കോടി രൂപയുടെ ഇടപാടാണ് നടന്നത്. ഇതിന് നൽകേണ്ട ജിഎസ്‌ടി തുകയായ 22.5 കോടി രൂപ സ്‌പോൺസറായ റിപ്പോർട്ടർ കമ്പനി അടച്ചിരുന്നില്ല. നിലവിൽ അന്താരാഷ്‌ട്ര കോടതിയിൽ ഇതുമായി ബന്ധപ്പെട്ട ആർബിട്രേഷൻ നടപടികൾ പുരോഗമിക്കുന്നുണ്ട്.
ഈ നടപടികൾ റദ്ദാക്കപ്പെട്ട് പണം തിരികെ ലഭിക്കുകയാണെങ്കിൽ കമ്പനിക്ക് പിന്നീട് റീഫണ്ടിനായി ആവശ്യപ്പെടാവുന്നതാണ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ പിഴപ്പലിശ അടക്കമുള്ള വലിയൊരു തുക റിപ്പോർട്ടർ കമ്പനി ജിഎസ്‌ടി വകുപ്പിന് അടക്കേണ്ടി വരുമെന്നാണ് നിഗമനം.
Most Read| ചുണ്ടിന് ഓറഞ്ച് നിറം; കോംഗോ വനത്തിൽ അപൂർവയിനം കുരങ്ങനെ കണ്ടെത്തി





































