ഡ്രോണാക്രമണം; സൗദിയിലെ എണ്ണ പൈപ്പ്‍ ലൈന് കേടുപാട്; പ്രവർത്തനം നിർത്തി

ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

By Senior Reporter, Malabar News
Iran-Israel War
Iran-Israel War (Image Courtesy: NDTV)

ദുബായ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‍ ലൈനായ ഈസ്‌റ്റ്-വെസ്‌റ്റ് പൈപ്പ് ലൈന് നേരെ ഇറാഖിന്റെ ഡ്രോണാക്രമണം. ഇറാന്റെ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഇറാൻ-ഇറാഖ് അതിർത്തി അടച്ചു.

ഇറാഖിന്റെ അതിർത്തിക്കുള്ളിൽ നിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു അക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സൗദി ശക്‌തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്ക് എതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്‌ദി സൗദിയോട് അഭ്യർഥിച്ചിരുന്നു.

ഇതിന്റെ അടിസ്‌ഥാനത്തിൽ, ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദിയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്‌ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്‌സിലൂടെ വ്യക്‌തമാക്കി.

അതിനിടെ, പ്രധാന എണ്ണവ്യാപാര പാതയായ ചെങ്കടലിലെ ബാബുൽ മൻദിബ് കടലിടുക്കിലെ തന്ത്രപ്രധാനമായ പെരിം ദ്വീപ് ഇറാൻ പിന്തുണയുള്ള ഹൂതികൾ പിടിച്ചെടുത്തു. ദ്വീപിൽ നിന്ന് സൗദി പിന്തുണയുള്ള യെമൻ സേന പിൻമാറി. ദ്വീപിന് സമീപമുള്ള ചെങ്കടൽ തീരത്തെ ധൂബാബ് നഗരവും സർക്കാർ സേനയിൽ നിന്ന് ഹൂതികൾ പിടിച്ചു.

ചെങ്കടൽ തീരത്തെ ആറ് ജില്ലകളിൽ നിന്നും യെമൻ സേനയെ തുരത്തിയതായി ഹൂതികൾ അവകാശപ്പെട്ടു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ സൗദിയിൽ നിന്നുള്ള എണ്ണക്കപ്പലുകളിലേറെയും ബാബുൽ മൻദിബ് വഴിയാണ് പോയിരുന്നത്. ചെങ്കടലിൽ സൗദിയുടേത് ഒഴികെ മറ്റെല്ലാ കപ്പലുകൾക്കും സുരക്ഷിതമായി പോകാമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു.

ഹൂതികളെ നേരിടാൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രണ്ടുതവണ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ചു സഹായം അഭ്യർഥിച്ചെങ്കിലും ട്രംപ് നിരസിച്ചതായാണ് റിപ്പോർട്. ഹൂതികളുമായി നേരിട്ട് ഏറ്റുമുട്ടാനില്ലെന്നാണ് യുഎസ് നിലപാട്. അതിനിടെ, ഹോർമുസ് വിഷയത്തിൽ ഗൾഫ് രാജ്യങ്ങളുമായും ഇറാഖുമായും ചർച്ച നടത്താൻ ഇറാൻ തീരുമാനിച്ചു. തിങ്കളാഴ്‌ച ഒമാനിലാണ് യോഗം. ഇന്നലെ ഹോർമുസിലൂടെ ഏഴ് കപ്പലുകൾ മാത്രമാണ് കടന്നുപോയത്.

Most Read| സംസ്‌ഥാനത്ത്‌ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE