കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. വടകര എൻഡിപിഎസ് കോടതിയുടേതാണ് നടപടി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ മൂന്നാംപ്രതി കാവ്യ, നാലാംപ്രതി നീഷ്‌മ, എന്നിവരുടെയും അഞ്ചാംപ്രതി ജിജിൻ കുര്യാക്കോസിന്റെയും ജാമ്യാപേക്ഷയാണ് തള്ളിയത്.
കേസിലെ രണ്ടാം പ്രതിയും അധ്യാപികയുമായ കീർത്തനയ്‌ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടർന്ന് ഈമാസം എട്ടിന് കീർത്തന ജയിൽ മോചിതയായിരുന്നു. വടകര ഇൻസ്‌പെക്‌ടർ എവി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ലഹരിക്കെതിരായ ഓപ്പറേഷൻ തൂഫാൻ പരിശോധനകളുടെ ഭാഗമായി വടകര പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് അധ്യാപികമാർ അറസ്‌റ്റിലായത്. നേരത്തെ, സഫ്‌വാൻ എന്ന യുവാവ് എംഡിഎംഎയുമായി പിടിയിലായിരുന്നു. ഇയാളുടെ മൊഴി അനുസരിച്ചാണ് പേരാമ്പ്ര ബിആർസിയിലെ സ്‌പെഷ്യലിസ്‌റ്റ് അധ്യാപികയായിരുന്ന മരുതോങ്കര സ്വദേശി കീർത്തനയെ അറസ്‌റ്റ് ചെയ്‌തത്.
കീർത്തനയുടെ മൊഴിയിൽ നിന്നാണ് സ്‌പെഷ്യലിസ്‌റ്റ് എജ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ പിടികൂടിയത്. പിന്നാലെ, പേരാമ്പ്ര ബിആർസിയിലെ അധ്യാപികയായ കുട്ടോത്ത് സ്വദേശിനി വലിയപറമ്പിൽ വിപി നീഷ്‌മ, ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസ് എന്നിവരെയും അറസ്‌റ്റ് ചെയ്‌തിരുന്നു. ലഹരിവിറ്റ് ഇവർ വൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നാണ് കേസ്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































