മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർഥികളുടെ കാറിൽ നിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടി. മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് വ്യാഴാഴ്‌ച വൈകീട്ട് കൊണ്ടോട്ടിയിലെ ഓരു കോളേജ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് കോളേജ് ഗ്രൗണ്ടിന് സമീപം പാർക്ക് ചെയ്‌ത കാറിൽ നിന്ന് ഒരു ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
കോളേജിലെ ഓണാഘോഷത്തിന് വിദ്യാർഥികൾ എത്തിയ കാറായിരുന്നു ഇത്. ജില്ലയിൽ കോളേജുകളിൽ ഓണാഘോഷം നടക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് നിരീക്ഷണം ശക്‌തമാക്കിയിരുന്നു. കോളേജ് ഗ്രൗണ്ടിന് സമീപം നിർത്തിയിട്ട വാഹനത്തിന് സമീപം എക്‌സൈസ് വാഹനം എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന മൂന്ന് രണ്ടാംവർഷ ബിരുദ വിദ്യാർഥികൾ ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയത്. കാറിൽ നിന്ന് വിദ്യാർഥികൾ ഇറങ്ങിയോടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓടിപ്പോയ കണ്ടാലറിയാവുന്ന മൂന്നുപേരെ പ്രതിചേർത്ത് എക്‌സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർ എക്‌സൈസ് കസ്‌റ്റഡിയിൽ എടുത്തു.
സർക്കിൾ ഇൻസ്‌പെക്‌ടർ പികെ മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസർ അരുൺ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് നൗഫൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ധന്യ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































