കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ നഴ്സിങ് വിദ്യാർഥിനി ഉൾപ്പടെ രണ്ടുപേർ കൂടി അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനി പി. സൂര്യ (23) എന്നിവരെയാണ് അന്വേഷണ സംഘം ഡെൽഹിയിൽ നിന്ന് പിടികൂടിയത്.
മേയ് ഒമ്പതിന് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽ നിന്നാണ് ഒരുകിലോ എംഡിഎംഎ പിടികൂടിയത്. മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ ചാലിൽ കടവത്ത് വീട്ടിൽ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര മേലേതൊടി വീട്ടിൽ ആദിൽഷാ (20), ഐക്കരപ്പടി കുറിയേടം അമ്പായതിങ്ങൽ വീട്ടിൽ മുഹമ്മദ് ഫർഹാൻ (22) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഡെൽഹിയിൽ നിന്നാണ് ലഹരിമരുന്ന് കേരളത്തിൽ എത്തിക്കുന്നതെന്ന് വ്യക്തമായത്. പോലീസ് സംഘം ഡെൽഹി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയിലെ ആഡംബര ഫ്ളാറ്റിൽ വെച്ച് രണ്ടുപേരെ കൂടി പിടികൂടിയത്. ലഹരിമരുന്ന് പാക്ക് ചെയ്യാനായി ഉപയോഗിക്കുന്ന നിരവധി സാധനസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
സൂര്യയുടെ പേരിലുള്ളതാണ് ഫ്ളാറ്റ്. ഇവിടെ നിന്ന് ഓരോ ആഴ്ചയും ഏകദേശം പത്ത് കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും വിൽപ്പന നടത്തിയിരുന്നതായി പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ കഴിഞ്ഞ പിടികൂടിയ 13 കിലോ എംഡിഎംഎ ഇവരാണ് കൊടുത്തുവിട്ടതെന്നും പോലീസ് പറഞ്ഞു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി
































