കോഴിക്കോട്: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കം. മൂന്നുദിവസം നീണ്ടുനിൽക്കുന്ന യോഗത്തിൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ച തിരിച്ചടി പരിശോധിച്ച് ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം വീണ്ടെടുക്കാനുള്ള തിരുത്തൽ നടപടികളാകും പ്രധാന ചർച്ചാവിഷയമാവുക.
മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയാണ് വിശാല സംസ്ഥാന സമിതി യോഗം നടക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പിലെ എകെജി ഹാളിന് മുന്നിൽ സമ്മേളന പ്രതിനിധികൾ ഉയർത്തിയുടെ മുദ്രാവാക്യങ്ങൾക്കിടെ പാർട്ടി പതാക ഉയർത്തിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെകെ ശൈലജ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അവതരിപ്പിക്കുന്ന റിപ്പോർട്ടിലെ ചർച്ചകളിലാണ് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളും തിരുത്തൽ നടപടികളും പ്രതിനിധികൾ വിലയിരുത്തുന്നത്. സംസ്ഥാന സമിതി യോഗം ചേർന്ന് ഉൾപ്പെടുത്തിയ തിരുത്തലുകൾ കൂടി ഉൾപ്പെടുന്ന രേഖയാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്. മൂന്ന് ദിവസങ്ങളിലായി ചേരുന്ന സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒരുലക്ഷം പേർ പങ്കെടുക്കുന്ന റാലിയോടെ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്ക്വയറിലാണ് സമാപിക്കുക.
സമാപന സമ്മേളനത്തെ ജനറൽ സെക്രട്ടറി എംഎ. ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മറ്റു പിബി അംഗങ്ങൾ എന്നിവർ അഭിവാദ്യം ചെയ്യും. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയിൽ നിന്നുള്ള പാഠം ഉൾക്കൊണ്ട് സിപിഎമ്മിനെ മുന്നോട്ട് നയിക്കാനുള്ള ചർച്ചകളും തീരുമാനങ്ങളുമാണ് വിശാല സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകുക.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































