ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ അഭിപ്രായ ഭിന്നതകളിൽ ഉണ്ടെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഇലക്ഷൻ കമ്മീഷൻ.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബിർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ചേർന്ന യോഗത്തിന് ശേഷമാണ് ആരോപണങ്ങളിൽ വ്യക്‌തത വരുത്തിക്കൊണ്ട് കമ്മീഷൻ വാർത്താക്കുറിപ്പ് പുറത്തിറക്കിയത്.
എസ്‌ഐആർ സംബന്ധിച്ച പരാതികളും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഉന്നയിച്ച വിയോജിപ്പുകളും യോഗത്തിൽ ചർച്ചയായി. വോട്ടർമാരുടെ രജിസ്‌ട്രേഷനായുള്ള ഫോം 6, സാങ്കേതിക സംവിധാനമായ ECINET എന്നിവയുടെ സുതാര്യത ഉറപ്പാക്കും. കൂടാതെ, ഐടി സംവിധാനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിദഗ്‌ധ സമിതിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനിച്ചുവെന്നും കമ്മീഷൻ അറിയിച്ചു. അംഗങ്ങൾക്കിടയിൽ ഭിന്നത ഇല്ലെന്നും എസ്‌ഐആർ തീരുമാനം ഏകകണ്‌ഠമായിരുന്നുവെന്നും കമ്മീഷൻ പറഞ്ഞു.
കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്കുള്ള വിശദീകരണം കമ്മീഷൻ നൽകുന്നുണ്ട്. കത്ത് കമ്മീഷന്റെയോ ഐടി ഡിവിഷന്റെയോ ഏതെങ്കിലും നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നില്ല. മറിച്ച്, ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്‌ഥന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടതായിരുന്നു എന്നാണ് കമ്മീഷൻ വിശദീകരിക്കുന്നത്.
പുതിയ വോട്ടർമാരെ ചേർക്കുന്ന ഫോം 6മായി ബന്ധപ്പെട്ടാണ് മറ്റൊരു വിശദീകരണം. പുതിയ വോട്ടർ പേരുചേർക്കുമ്പോൾ അച്ഛനോ അമ്മയോ അതുമല്ലെങ്കിൽ അതിന് മുൻപുള്ളവരുടെയോ പേരുവിവരങ്ങൾ ചോദിക്കുന്നത് വോട്ട് രജിസ്ട്രേഷൻ തടയാനാണോ എന്ന ആശങ്ക നേരത്തെ ഒരു കമ്മീഷണർ മുന്നോട്ടുവെച്ചിരുന്നു.
എന്നാൽ, പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ഫോം 6ൽ മാതാപിതാക്കളുടെ പേര് വഴി മുൻ എസ്‌ഐആർ ബന്ധം തെളിയിക്കണമെന്ന പ്രഖ്യാപന നിബന്ധന സുപ്രീം കോടതി ശരിവെച്ചതാണെന്നും കമ്മീഷൻ വ്യക്‌തമാക്കി. ഗോവയിൽ വോട്ടർ പട്ടികയിൽ നിന്ന് വിട്ടുപോയ 97 അർഹരായ വോട്ടർമാരുടെ വീടുകളിൽ ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ടെത്തി ഫോം സമർപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇതിൽ 81 പേർ ഇതിനകം ഫോം 6 സമർപ്പിച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































