മലപ്പുറം: ജില്ലയിൽ അഞ്ചാംപനി കേസുകൾ വർധിക്കുന്നത് ആശങ്കയാകുന്നു. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ രണ്ടുമരണമാണ് ജില്ലയിൽ റിപ്പോർട് ചെയ്‌തത്. ബുധനാഴ്‌ച ഒന്നരവയസുകാരനും ഇക്കഴിഞ്ഞ 15ന് വളവന്നൂരിൽ പത്തുമാസം പ്രായമുള്ള കുട്ടിയും രോഗം ബാധിച്ച് മരിച്ചിരുന്നു. രോഗബാധിതരുടെ എണ്ണവും വർധിക്കുന്നുണ്ട്.
ബുധനാഴ്‌ച വരെ 103 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. 476 പേർ രോഗലക്ഷങ്ങളുമായി നിരീക്ഷണത്തിലുമുണ്ട്. ജില്ലയിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗത്തിനെതിരെ കൃത്യമായ മുൻകരുതലും വാക്‌സിനേഷനും എടുക്കുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഇന്ത്യയിൽ ഒരുവർഷം 25 ലക്ഷം കുട്ടികളെ രോഗം ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പൊതുവെ അഞ്ചാംപനി കുട്ടികളെ തന്നെയാണ് കൂടുതലായി ബാധിക്കാറുള്ളത്. മുതിർന്നവരിൽ വളരെ കുറഞ്ഞ തോതിലെ അഞ്ചാംപനി റിപ്പോർട് ചെയ്യപ്പെടാറുള്ളൂ.
എന്താണ് അഞ്ചാംപനി?
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. റൂബിയോള എന്ന വൈറസാണ് രോഗം സൃഷ്‌ടിക്കുന്നത്.
ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. ഉൽഭവകാലം മുതൽ 10 മുതൽ 14 ദിവസം വരെ രോഗം നീണ്ടു നിൽക്കും. അധിക കേസുകളിലും അഞ്ചാംപനി കാര്യമായ സങ്കീർണതകൾ സൃഷ്‌ടിക്കില്ലെങ്കിലും ചില കേസുകളിൽ അംഗവൈകല്യം മുതൽ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
രോഗം പകരുന്ന രീതി
രോഗം ബാധിച്ച വ്യക്‌തിയുടെ ശരീരസ്രവങ്ങളിലൂടെ പ്രധാനമായും വായിലൂടെയും മൂക്കിലൂടെയും പുറത്തുവരുന്ന ദ്രാവകങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗകാരികളായ വൈറസ് എത്തുന്നത്. ശാരീരിക സമ്പർക്കം, ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം പകരും.
രോഗിയിൽ നിന്ന് പുറത്തെത്തുന്ന വൈറസ് രണ്ടു മണിക്കൂറോളം അന്തരീക്ഷത്തിൽ സജീവമായി നിൽക്കും. ഇവ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുകയും തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ കിടന്ന് പെരുകുകയും ശരീരം മുഴുവനും വ്യാപിക്കുകയും ചെയ്യുന്നു. രോഗാണു ശരീരത്തിലെത്തി 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.
രോഗലക്ഷണങ്ങൾ
ശരീരം മുഴുവനുമായി കാണപ്പെടുന്ന ചെറിയ തിണർപ്പുകളാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. പനി തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വായ്‌ക്കകത്ത് മോണയുടെ ഉൾഭാഗത്തെ ചുവന്ന പ്രതലത്തിൽ ചാരനിറത്തിലുള്ള മണൽത്തരികൾ പോലുള്ള കുരുക്കൾ കാണാം. ഇത് അഞ്ചാംപനിയുടെ സവിശേഷമായ ലക്ഷണമാണ്.
തിണർപ്പുകളാണെങ്കിൽ ആദ്യം ചെവിയുടെ പുറം ഭാഗത്താണ് കാണപ്പെടുക. തുടർന്ന് തലയിലും മുഖത്തും കൈപ്പത്തിക്കുള്ളിലുമെല്ലാം കാണാം. ചുവന്ന നിറത്തിലുള്ള ഈ കുമിളകളിൽ ചൊറിച്ചിലും അനുഭവപ്പെടാം. ഇവക്ക് പുറമെ, ചുമ, കണ്ണുകളിൽ ചുവപ്പു നിറം, വെളിച്ചത്തേക്ക് നോക്കുമ്പോൾ പ്രയാസം, പേശിവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ഛർദി, വയറിളക്കം എന്നിവയെല്ലാം അഞ്ചാംപനിയുടെ മറ്റ് ലക്ഷണങ്ങളാണ്.
ചികിൽസ
പോഷകാഹാര കുറവുള്ള കുട്ടികളിൽ, പ്രതിരോധശേഷി കുറവുള്ള കുട്ടികളിൽ, അഞ്ചു വയസിന് താഴെ പ്രായം വരുന്ന കുട്ടികളിൽ എന്നിവരിലാണ് അഞ്ചാംപനി കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുക. അധികവും അഞ്ചാംപനി അധികരിച്ചു ന്യുമോണിയ ബാധിക്കപ്പെടുന്നതോടെയാണ് രോഗിയിൽ മരണസാധ്യത കൂട്ടുന്നത്. ഇതിന് പുറമെ രോഗം തലച്ചോറിൽ നീർക്കെട്ട് സൃഷ്‌ടിക്കുന്നതും ജീവന് ഭീഷണിയാണ്. അതിനാൽ, ആശുപത്രി ചികിൽസ തേടുന്നതാണ് ഇതിന് ഉചിതം. രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആകാതിരിക്കാനും ശ്രദ്ധിക്കണം.
രോഗം തടയാം വാക്‌സിനിലൂടെ
അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്‌സിനാണ് മീസിൽസ് വാക്‌സിൻ. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിന് ശേഷം അഞ്ചാംപനിക്കെതിരെ പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്.
ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്‌സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി വളരെ വർഷങ്ങൾ നിലനിൽക്കും. കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്‌തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്‌സിൻ നൽകിയാലും രോഗത്തിൽ നിന്ന് രക്ഷ നേടാം.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി





































