ജറുസലേം: ഇസ്രയേലിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിൽ. സർക്കാർ രൂപീകരിക്കാൻ ഔദ്യോഗിക ചുമതല ലഭിച്ചതോടെ മുൻ സൈനിക മേധാവിയും യാഷർ പാർട്ടി നേതാവും കൂടിയായ ഗാദി ഐസൻകോട്ട് പദവികൾ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളുമായി ധാരണയിലെത്തി.
നെസെറ്റിലെ പ്രധാന പദവികൾ പങ്കിടുന്നതിനായി പ്രതിപക്ഷ നേതാക്കളായ നഫ്‌താലി ബെനറ്റ്, യെയർ ഗോലാൻ, അവിഗ്‌ഡോർ ലീബർമാൻ, യെയർ ലാപിഡ് എന്നിവരുമായി താൻ കരാറിൽ എത്തിയതായി ഐസൻകോട്ട് വ്യക്‌തമാക്കി. മുൻ മന്ത്രി മതാൻ കഹാനയെ നെസെറ്റ് സ്‍പീക്കർ സ്‌ഥാനാർഥിയായി നാമനിർദ്ദേശം ചെയ്‌തതായി വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു.
ഹൗസ് കമ്മിറ്റി ചെയർമാനായി റോയി ഫോൾക്‌മാനെയും വിദേശകാര്യ പ്രതിരോധ സമിതി അധ്യക്ഷനായി മുൻ പ്രതിരോധ മന്ത്രി കൂടിയായ അവിഗ്‌ഡോർ ലീബർമാനെയും ധനകാര്യ സമിതി അധ്യക്ഷയായി ലിറാൻ അവിസാർ ബെൻ-ഹോറിനെയും നാമനിർദ്ദേശം ചെയ്‌തതായി ഐസൻകോട്ട് വ്യക്‌തമാക്കി.
ഒക്‌ടോബർ 27ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നണിക്കോ ഐസൻകോട്ടിന്റെ സഖ്യത്തിനോ കേവല ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. ഇസ്രയേലിന്റെ ബേസിക് ലോ സെക്ഷൻ 8 പ്രകാരം സർക്കാർ ഉണ്ടാക്കാൻ ഐസൻകോട്ടിന് 28 ദിവസത്തെ സമയമുണ്ട്. ആവശ്യമെങ്കിൽ 14 ദിവസം കൂടി നീട്ടിക്കിട്ടും.
സർക്കാർ രൂപീകരണത്തിനായി 67 അംഗങ്ങളുടെ പിന്തുണ ലഭിച്ചതായാണ് ഐസൻകോട്ട് പ്രസിഡണ്ടിനെ അറിയിച്ചത്. വിരുദ്ധ ചേരിയിലുള്ള രണ്ട് അറബ് പാർട്ടികൾ ഉൾപ്പടെ ഐസൻകോട്ടിനെ പിന്തുണച്ചു. 46 അംഗങ്ങൾ മാത്രമാണ് നെതന്യാഹുവിനെ പിന്തുണച്ചത്.
പ്രസിഡണ്ടിൽ നിന്ന് ചുമതല ലഭിച്ചതുകൊണ്ട് മാത്രം ഐസൻകോട്ടിന് പ്രധാനമന്ത്രി പദവി ഉറപ്പാക്കാൻ കഴിയില്ല. 120 അംഗങ്ങളുടെ നെസെറ്റിൽ ഭൂരിപക്ഷം തികയ്‌ക്കാൻ 61 സീറ്റുകൾ ആവശ്യമാണ്. ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള നാല് പാർട്ടികളുടെ സഖ്യത്തിന് 48 സീറ്റുകളാണുള്ളത്. ഇതിൽ അദ്ദേഹത്തിന്റെ സ്വന്തം പാർട്ടിയായ യാഷർ 21 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ പാർട്ടിയായി.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ





































