തിരുവനന്തപുരം: പറവൂരിൽ കെഎസ്ആർടിസി പ്രിയദർശിനി ബസിൽ പ്ളസ് ടു വിദ്യാർഥിനിയെ അപമാനിച്ച സംഭവത്തിൽ നടപടി. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. ശനിയാഴ്ച ഗുരുവായൂർ- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർഎസ്എ 173 പ്രിയദർശിനി ബസിലാണ് സംഭവം നടന്നത്.
പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പം ബസിൽ കയറിയ പെൺകുട്ടിയോട് ടിക്കറ്റിന് പണം ആവശ്യപ്പെടുകയും പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു എന്നുമാണ് പരാതി. തീർഥാടനത്തിന്റെ ഭാഗമായി അടുത്തിടെ പെൺകുട്ടി തല മുണ്ഡനം ചെയ്തിരുന്നു. ഇതേത്തുടർന്ന് ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെട്ടു.
എന്നാൽ, സഹപാഠികൾ അടക്കം ഇതിനെ എതിർത്തപ്പോഴാണ് പെൺകുട്ടിയെ കണ്ടക്ടർ അധിക്ഷേപിച്ചത്. കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. സഹയാത്രികരിൽ ചിലരും ഇതിനെ പിന്തുണച്ചു പരിഹസിച്ചു. തുടർന്ന് ബസിൽ ഇറക്കി വിടാനും ശ്രമിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി ഇടപെട്ടിരുന്നു.
Most Read| നിബന്ധനകളിൽ വിട്ടുവീഴ്ചയില്ല, മധ്യസ്ഥരുടെ പ്രതികരണം കാത്തിരിക്കുന്നു; ഇറാൻ



































