കൊച്ചി: അനധികൃത പണപ്പിരിവും ക്രമക്കേടുകളും കണ്ടെത്തിയതിനെ തുടർന്ന് കൊച്ചിയിലെ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ ഓഫീസിലും വീടുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സംസ്ഥാന ജിഎസ്ടി ടാക്സ്പേയർ സർവീസ് (ടിപിഎസ്) ജോയിന്റ് കമ്മീഷണർ പ്രജനീ രാജന്റെ വീട്ടിൽ നിന്ന് 14 ലക്ഷം രൂപയും 788 യുഎസ് ഡോളറും പിടിച്ചെടുത്തു.
പച്ചാളം ഇരട്ടക്കുളങ്ങര റോഡിലെ പ്രജനീ വിലാസ് എന്ന വസതിയിലും തേവര ജിഎസ്ടി കോംപ്ളക്സിലെ സംസ്ഥാന ജോയിന്റ് കമ്മീഷണറുടെ ഓഫീസിലുമാണ് വിജിലൻസ് ഇൻസ്പെക്ടർ എ.ജി ബിബിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. മൂവാറ്റുപുഴ വിജിലൻസ് കോടതി പുറപ്പെടുവിച്ച വാറന്റിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി. ഇന്നലെ രാവിലെ ഒമ്പതിന് തുടങ്ങിയ റെയ്ഡ് രാത്രിയിലും തുടർന്നു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ എടുക്കുന്ന കേസുകളിൽ അന്തിമനടപടിയും അംഗീകാരവും നൽകേണ്ട ചുമതല പ്രജനീ രാജനായിരുന്നു. എന്നാൽ, വൻകിട നികുതി വെട്ടിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കിയെന്ന പരാതി വിജിലൻസിന് ലഭിച്ചതിനെ തുടർന്നായിരുന്നു നടപടി. പണത്തിന് പുറമെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. രേഖകളെല്ലാം വിശദമായി പരിശോധിക്കുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും വിജിലൻസ് അറിയിച്ചു.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം




































