തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മൽസ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വിഇ അബ്‍ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പ് നൽകി.
മന്ത്രിമാർ മുതലപ്പൊഴി സന്ദർശിച്ച് സ്‌ഥിതിഗതികൾ വിലയിരുത്തി. കാണാതായവർക്കായുള്ള തിരച്ചിൽ നാവികസേന, തീരദേശ പോലീസ്, കോസ്‌റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ സജീവമായി നടക്കുകയാണെന്നും ഇതിൽ യാതൊരു വീഴ്‌ചയും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്‌തമാക്കി.
മുതലപ്പൊഴി ഹർബറിലെ അശാസ്‌ത്രീയമായ നിർമാണമാണ് നിരന്തരമുള്ള അപകടങ്ങൾക്ക് കാരണമെന്ന പരാതി പ്രദേശത്തെ മൽസ്യത്തൊഴിലാളികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ ശാസ്‌ത്രീയമായ പഠനം നടത്തി ഒരു ശാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
”ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. അതിനനുസരിച്ചുള്ള ശക്‌തമായ നടപടികളും ശാശ്വത പരിഹാരവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും”- രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ ജൂലൈയിൽ സിഡബ്‌ള്യൂപിആർഎസ് സംഘം മുതലപ്പൊഴി സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും പ്രദേശത്തെ മൽസ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുക.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































