തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. എസ്പി വിക്രമനാണ് അന്വേഷണ ചുമതല.
ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ സംഘം. മൂന്ന് ഡിവൈഎസ്പിമാരും അഞ്ച് ഇൻസ്പെക്ടർമാരുമാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. സൈബർ ഡിവിഷനിലെ ഉദ്യോഗസ്ഥരെയും എസ്ഐടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുകൊണ്ടുള്ള അന്വേഷണത്തിലേക്ക് കടക്കില്ല. രേഖകളും വസ്തുതകളും പരിശോധിച്ച് പ്രാഥമിക അന്വേഷണം നടത്തിയേക്കും. തെളിവുകൾ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമേ തുടർനടപടികളിലേക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലേക്കും കടക്കുകയുള്ളൂ.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡിക്ക് മൊഴി നൽകിയ ഉദ്യോഗസ്ഥരുടെയും മറ്റ് ആളുകളുടെയും മൊഴികൾ പ്രത്യേക അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തും. ഇതിന് ശേഷമായിരിക്കും മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ ചോദ്യം ചെയ്യുന്ന നടപടികളിലേക്ക് സംഘം കടക്കുക.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം





































