തിരുവനന്തപുരം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. ഹ്രസ്വകാല കരാർ അടിസ്ഥാനത്തിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. ‘വിഇഎച്ച് ഗ്ളോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയിൽ നിന്നാണ് ബോർഡ് വൈദ്യുതി വാങ്ങുന്നത്.
സംസ്ഥാനത്തെ നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സർക്കാർ അനുമതി നൽകിയത്. നാളെ മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിലേക്കാണ് ഈ താൽക്കാലിക ക്രമീകരണം. യൂണിറ്റിന് 11 രൂപാ നിരക്കിലാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
വൈകീട്ട് ആറുമണിമുതൽ രാത്രി 12 മണിവരെയുള്ള പീക്ക് സമയങ്ങളിലെ വലിയ തോതിലുള്ള വൈദ്യുതി ആവശ്യകത നേരിടാനാണ് ഉയർന്ന നിരക്കിലാണെങ്കിലും അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള നീക്കം. അതേസമയം, ഇന്ത്യയിലെ എല്ലായിടത്തും പവർ കട്ട് ഉണ്ടെന്നും പുറത്തുനിന്ന് വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈമാസം ഉപഭോഗം ഉയരുമെന്ന് മുൻകൂട്ടി കണ്ട് ആസൂത്രണം നടന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്തമാസം മുതൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാൻ നാളെ വിപുലമായ യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 465 മെഗാവാട്ടിന്റെ കരാർ ഇടതു സർക്കാരിന്റെ കാലത്ത് റദ്ദാക്കിയത് തെറ്റായിപ്പോയെന്ന വിമർശനവും മുഖ്യമന്ത്രി ആവർത്തിച്ചു.
Most Read| ‘യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണം’; യുഎസിനോട് ആവശ്യമുന്നയിച്ച് ഗൾഫ് രാജ്യങ്ങൾ





































