കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും തിരച്ചിൽ കാര്യക്ഷമമല്ലെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി വിഡി. സതീശൻ. ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കുടുംബത്തെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം എന്ന് അറിയില്ല. ഒരു കുടുംബത്തിനും ഉണ്ടാകാൻ പാടില്ലാത്ത ദുരന്തമാണ് അവർ നേരിടുന്നത്. കാണാതായ ആൾക്കുവേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമാകുമ്പോൾ മാത്രമാണ് തിരച്ചിൽ നിർത്തുന്നത്. തിരച്ചിൽ തുടരും. കാലാവസ്ഥ പ്രവചനം പരിഷ്കരിക്കാനും മുന്നറിയിപ്പ് നൽകുന്നതിൽ അതീവ ജാഗ്രത പുലർത്താനും സർക്കാർ സന്നദ്ധരാണ്. അതിനുള്ള നടപടികളിലേക്ക് കടക്കും.
ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ നടപ്പാക്കും. മൽസ്യത്തൊഴിലാളികളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള പദ്ധതിയാവും നടപ്പാക്കുക. അതിനായി പൊതു നടപടിക്രമം നടപ്പാക്കും. മൽസ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി അടിയന്തരമായി താൽക്കാലിക സംവിധാനം നടപ്പാക്കുന്നതിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ഷിബു ബേബി ജോൺ, കലക്ടർ ആനി ജൂല തോമസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ജൂലൈ 31ന് പുത്തൻതുറ സ്വദേശിയായ ഗൗതം കൃഷ്ണ അച്ഛനും മുത്തശ്ശനുമൊപ്പം മൽസ്യബന്ധനത്തിന് പോയപ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ അച്ഛന്റെയും മുത്തശ്ശന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഗൗതമിനെ കണ്ടെത്താനായിട്ടില്ല.
Most Read| കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം








































