കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മൽസ്യത്തൊഴിലാളി ഗൗതം കൃഷ്‌ണയ്‌ക്കായുള്ള (26) തിരച്ചിൽ വീണ്ടും ഊർജിതമാക്കി. തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഗൗതമിന്റെ അമ്മ കോസ്‌റ്റൽ പോലീസ് സ്‌റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് തിരച്ചിൽ ശക്‌തമാക്കിയത്.
ഫിഷറീസ് വകുപ്പിന്റെ ബോട്ടുകളും സ്‌പീഡ് ബോട്ടുകളും ഉപയോഗിച്ച് കായൽ മേഖലയിലും സമീപ പ്രദേശങ്ങളിലും വ്യാപക പരിശോധന ആരംഭിച്ചു. സ്‌കൂബ ഡൈവിങ് സംഘത്തെയും തിരച്ചിലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗൗതം കൃഷ്‌ണയെ കാണാതായിട്ട് ഇന്നേക്ക് എട്ടുദിവസമായി. ജൂലൈ 31ന് പുത്തൻതുറ സ്വദേശിയായ ഗൗതം കൃഷ്‌ണ അച്ഛനും മുത്തശ്ശനുമൊപ്പം മൽസ്യബന്ധനത്തിന് പോയപ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ അച്ഛന്റെയും മുത്തശ്ശന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഗൗതമിനെ കണ്ടെത്താനായിട്ടില്ല.
ഇതോടെ പ്രതിഷേധവുമായി അമ്മ രംഗത്തെത്തുകയായിരുന്നു. തുടർന്ന് മുൻ ഫിഷറീസ് മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ ഉൾപ്പടെയുള്ളവർ ഇടപെട്ട് തിരച്ചിൽ വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ ആറരയോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. കടലിലും കായലിലും ഒരേസമയം തിരച്ചിൽ നടക്കുന്നുണ്ട്.
സംഭവത്തിൽ പ്രതിഷേധം ശക്‌തമാകുകയാണ്. മൽസ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തിൽ നീണ്ടകരയിൽ പ്രതിഷേധ മാർച്ചും ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ കൊല്ലം കലക്‌ട്രേറ്റിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.
Most Read| ആരും കാണാതെ വളർന്ന് പൂവിട്ട് അപ്രത്യക്ഷമാകും; ‘ഫോറസ്‌റ്റ് ഗോസ്‌റ്റ്’ കണ്ണൂരിലും



































