ബൊഗോട്ട: പടിഞ്ഞാറൻ കൊളംബിയയിൽ ശക്തമായ ഭൂചലനം. കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ട ഉൾപ്പടെയുള്ള പ്രദേശങ്ങളെ നടുക്കിയ ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.4 രേഖപ്പെടുത്തി. 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
നിരവധി കെട്ടിടങ്ങൾ തകർന്നു. വീടുകൾ വിണ്ടുകീറി. പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കോടി. ബൊഗോട്ടയിൽ നിന്ന് 400 കിലോമീറ്റർ പടിഞ്ഞാറുള്ള സാൻ ജോസ് ഡെൽ പാൽമറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.34നാണ് ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിയിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും കൊളംബിയൻ അധികൃതരും അറിയിച്ചു. അയൽരാജ്യമായ ഇക്വഡോറിലും വെനസ്വേലയുടെ അതിർത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ചോക്കോ മേഖലയുടെ തലസ്ഥാനത്ത് ഭൂചലനത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം.
ഇവിടെ നിരവധിപ്പേർക്ക് പരിക്കേൽക്കുകയും കെട്ടിടങ്ങൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഗവർണർ സാമൂഹിക മാദ്ധ്യമത്തിലൂടെ അറിയിച്ചു. മരണസഖ്യയുടെയും നാശനഷ്ടങ്ങളുടെയും കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവരും.
കഴിഞ്ഞ ജൂൺ അവസാനത്തിൽ അയൽരാജ്യമായ വെനസ്വേലയിലുണ്ടായ ഇരട്ട ഭൂചലനങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ കൊളംബിയെയും ഭൂചലനം പിടിച്ചുകുലുക്കിയത്. വെനസ്വേലയിൽ ഉണ്ടായ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളിൽ അയ്യായിരത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































