ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു. ഭണ്ഡാരങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ജീവനക്കാരാണ് രാജിവെച്ചത്. സംഭാവനക്കൊള്ളയിൽ കൂടുതൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പോലീസ് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നത് ശ്രദ്ധേയമാണ്.
എന്നാൽ, കേസുമായി ബന്ധപ്പെട്ടുള്ള രാജിയെന്നാണ് ഇവർ പറയുന്നത്. ജോലി സമയം കൂട്ടിയതും വേതനം വർധിപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് രാജി. ഇക്കാരണങ്ങൾ പറഞ്ഞ് കഴിഞ്ഞദിവസം ഒരുവിഭാഗം ജീവനക്കാർ ക്ഷേത്ര പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
സംഭാവനകൾ എണ്ണിത്തിട്ടപ്പെടുത്തി അക്കൗണ്ടിൽ വരവുവയ്‌ക്കാൻ എസ്‌ബിഐയെയാണ് ചുമതലപ്പെടുത്തിയതെങ്കിലും സൈനിക് സെക്യൂരിറ്റി സർവീസസ് എന്ന ഏജൻസി വഴി നിയോഗിച്ച കരാർ ജീവനക്കാരാണ് നോട്ടുകൾ എണ്ണി കെട്ടുകളാക്കി എസ്ബിഐ ഉദ്യോഗസ്‌ഥർക്ക് നൽകുന്നത്. രണ്ട് ഷിഫ്‌റ്റായിരുന്ന ജോലി ഒരു ഷിഫ്‌റ്റായി കുറച്ചെന്നും ഇവർ പറയുന്നു.
മോഷണത്തിന് ശേഷം ഭണ്ഡാരങ്ങളിൽ 500 രൂപ നോട്ടുകളുടെ എണ്ണം കുറഞ്ഞു. 10 രൂപയുടെയും 20 രൂപയുടെയും എണ്ണം കൂടി. ഇവ എണ്ണാൻ കൂടുതൽ സമയമെടുക്കുന്നുണ്ടെന്നും രാജിവെച്ചവർ പറയുന്നു. അതേസമയം, ക്ഷേത്രത്തിൽ പുതിയ ജീവനക്കാരെ നിയമിക്കാൻ നടപടി തുടങ്ങി.
സംഭവനക്കൊള്ളയിൽ സമയബന്ധിത അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീം കോടതി 13ന് പരിഗണിക്കും. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയും ട്രസ്‌റ്റുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും ഓഡിറ്റ് ആവശ്യപ്പെടുന്ന ഹരജിയും ഇക്കൂട്ടത്തിലുണ്ട്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി





































