തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അന്വേഷിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ച് സംസ്‌ഥാന സർക്കാർ. എന്തുകൊണ്ടാണ് അപകടം സംഭവിച്ചതെന്ന സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
തുരങ്കപാതയ്‌ക്ക് കേന്ദ്രം പാരിസ്‌ഥിതിക അനുമതി കൊടുത്തപ്പോൾ മുന്നോട്ടുവെച്ച നിബന്ധനകൾ പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്‌മപരിശോധന നടത്തും. സമിതിയുടെ റിപ്പോർട് കിട്ടിയ ശേഷമാകും തുരങ്കപാതയുടെ പ്രവൃത്തികൾ പുനരാരംഭിക്കുകയുള്ളൂ.
റവന്യൂ ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിയിൽ ഭൗമശാസ്‌ത്ര വിദഗ്‌ധനായ ഡോ. സിപി രാജേന്ദ്രൻ, പരിസ്‌ഥിതി വിദഗ്‌ധൻ ഡോ. വിഷ്‌ണുദാസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ. സമിതിയിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തുന്ന കാര്യം കൺവീനർക്ക് തീരുമാനിക്കാം.
ഒരു മാസത്തിനുള്ളിൽ റിപ്പോർട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. കരാറുകാരൻ നിബന്ധനകൾ ലംഘിച്ചിട്ടുണ്ടോ എന്നതുൾപ്പടെ സമിതി അന്വേഷിക്കും. പദ്ധതിക്കായി കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ നൽകിയ പാരിസ്‌ഥിതിക അനുമതിയെ കുറിച്ചും സമിതി വിശദമായി പരിശോധിക്കുമെന്ന് സർക്കാർ ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
മണ്ണ് നീക്കുന്നത് പഠിക്കാൻ മൂന്നംഗ വിദഗ്‌ധ സമിതി
തുരങ്കപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഏത് വിധത്തിൽ നീക്കം ചെയ്യണമെന്നതിനെ കുറിച്ച് റിപ്പോർട് സമർപ്പിക്കാൻ മൂന്നംഗ വിദഗ്‌ധ സമിതിയെ സർക്കാർ നിയോഗിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് സമിതിയെ നിയോഗിക്കാൻ ധാരണയായത്.
കോഴിക്കോട് എൻഐടി പ്രൊഫസർ ഡോ. സന്തോഷ് ജി തമ്പി, പരിസ്‌ഥിതി ഡയറക്‌ടറേറ്റ് എൻജിനിയർ ഡോ. ജൂഡ്, എൻസിഇഎസ്എസിലെ പ്രതിനിധി എന്നിവരാണ് സമിതി അംഗങ്ങൾ. ഈ സമിതി സ്‌ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട് നൽകാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. സമിതിക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വയനാട് ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തി.
ദുരന്തത്തിൽ ഏഴുപേരുടെ മരണമാണ് ഇതുവരെ സ്‌ഥിരീകരിച്ചത്. മരിച്ച എല്ലാവരും തുരങ്ക നിർമാണം നടത്തുന്ന കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിലെ തൊഴിലാളികളാണ്. ഹിമാചൽ പ്രദേശ് സ്വദേശിയായ കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Most Read| അയോധ്യ സംഭവനക്കൊള്ള; 23 ജീവനക്കാർ രാജിവെച്ചു






































