കൽപ്പറ്റ: വയനാട് കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നാലുമരണം. നിരവധിപ്പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ഒമ്പതുപേർ ചികിൽസയിൽ ഉണ്ട്. ഏഴുപേരെ കാണാനില്ല. ഇവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹിര കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്‌ജയ് താക്കൂർ, രജനീഷ്, തൻമയ് ഘോഷ്, കൂപമാൽ (ജയ), കുഞ്ചു, സന്തോഷ് കുമാർ എന്നിവരാണ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിൽസയിൽ ഉള്ളത്. സന്തോഷ് കുമാർ മേപ്പാടി പോലീസ് സബ് ഇൻസ്‌പെക്‌ടർ ആണ്.
സമീപത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നുണ്ട്. ചുളിക്ക ഗവ. എൽപി സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ നടന്ന പ്രദേശത്തെ വീടുകളിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കള്ളാടിയിൽ മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്കപാതയ്‌ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടു.
നിർമാണ മേഖലയിൽ കൂട്ടിയിട്ട മണ്ണാണ് വലിയ തോതിൽ ഇടിഞ്ഞു റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിച്ചത്. കനത്ത മഴ കാരണം നിർമാണ ജോലികൾ ഇന്നലെ നിർത്തിവെച്ചിരുന്നു. പ്രദേശത്ത് ഉണ്ടായിരുന്നവരാണ് മണ്ണിനടിയിൽ കുടുങ്ങിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങൾ അടിയന്തര രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ദുരന്തനിവാരണ സേനകൾ പ്രദേശത്തേക്ക് തിരിച്ചു.
മണ്ണ് മാറ്റാൻ നേരത്തെ പറഞ്ഞിരുന്നു; മുഖ്യമന്ത്രി
പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നേരത്തെ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി വിഡി. സതീശൻ. മണ്ണ് മാറ്റാൻ കഴിഞ്ഞമാസം 20ന് കലക്‌ടർ രേഖാമൂലം കരാറുകാരെ അറിയിച്ചിരുന്നു. കരാറുകാർ നിർദ്ദേശങ്ങൾ പാലിച്ചില്ലെന്നും സംസ്‌ഥാന ദുരന്ത നിവാരണ ആസ്‌ഥാനം സന്ദർശിച്ച ശേഷം മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
കനത്ത മഴയാണ് സ്‌ഥലത്ത് പെയ്‌തത്. രക്ഷാപ്രവർത്തനത്തിന് തടസം ഉണ്ട്. ചെളിയുള്ള മണ്ണാണ്. എട്ട് മണ്ണുമാന്തി യന്ത്രങ്ങൾ സ്‌ഥലത്ത് ഉണ്ട്. ആവശ്യമായ സേനയും ഉണ്ട്. എത്രയും വേഗം മണ്ണ് നീക്കം ചെയ്യും. ഏത് പദ്ധതി ചെയ്‌താലും ആവശ്യമായ സുരക്ഷ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട്ടിലേത് മനുഷ്യനിർമിത ദുരന്തം; മന്ത്രി ടി. സിദ്ദിഖ്
തുരങ്കതപാതയുടെ നിർമാണത്തിനിടെ അശാസ്‌ത്രീയമായി മണ്ണ് കൂട്ടിയിട്ടതുകൊണ്ടാണ് ദുരന്തമുണ്ടായതെന്നും മണ്ണിടിച്ചിൽ വലിയ ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും മന്ത്രി ടി. സിദ്ദിഖ്. ഉണ്ടായത് പ്രകൃതി ദുരന്തമല്ല. മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു. കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അതെല്ലാം ഉദ്യോഗസ്‌ഥർ അവഗണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































