വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശം. ആദ്യഘട്ടത്തിൽ നിർമിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ ഇന്ന് മുതൽ താമസം ആരംഭിക്കുക. വൈകീട്ട് നാലുമണിക്കാണ് ചടങ്ങ്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പികെ. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള ലീഗ് നേതാക്കൾ പങ്കെടുക്കും. മൂന്ന് ബെഡ്റൂമുകളോട് കൂടിയ 1060 ചതുരശ്രയടിയുള്ള വീടും എട്ട് സെന്റ് ഭൂമിയുമാണ് മുസ്ലിം ലീഗ് ദുരന്ത ബാധിതർക്കായി നിർമിച്ച് നൽകിയിരിക്കുന്നത്.
മുട്ടിൽ- മേപ്പാടി സംസ്ഥാന പാതയോട് ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. വീടുകളിലേക്കുള്ള ഫർണിച്ചർ, ഭക്ഷ്യ കിറ്റ് തുടങ്ങിയവയുടെ വിതരണം ഇന്നലെയോടെ പൂർത്തിയാക്കിയിരുന്നു. അതേസമയം, കുടുംബങ്ങളുടെ സ്വകാര്യത മാനിച്ച് എല്ലാവരോടും സന്ദർശനം ഒഴിവാക്കണമെന്ന് ലീഗ് നേതൃത്വം അഭ്യർഥിച്ചു.
പുനരധിവാസ പദ്ധതിയിലെ ആകെ 105 വീടുകളിൽ 51 വീടുകളുടെ താക്കോൽ സാദിഖ് അലി ശിഹാബ് തങ്ങൾ കുടുംബങ്ങൾക്ക് കൈമാറിയിരുന്നു. എന്നാൽ, പരീക്ഷകളും നിയമസഭാ തിരഞ്ഞെടുപ്പും കാരണം ഉൽഘാടന ചടങ്ങ് വൈകുകയായിരുന്നു. രണ്ടാംഘട്ടത്തിലെ വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’






































