ന്യൂഡെൽഹി: ഡെൽഹിയിലെ സംഭവബഹുലമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമനഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബിൽ അപ്പോൾത്തന്നെ പാസാക്കാനാണ് ലിസ്‌റ്റ് ചെയ്‌തിട്ടുള്ളത്.
2024ലെ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) നിയമത്തിൽ ഭേദഗതിയാവും വരുത്തുക. പരീക്ഷാ ക്രമക്കേടിൽ കർശന ശിക്ഷ വ്യവസ്‌ഥ ചെയ്യുന്ന ബില്ലിൽ ചർച്ചയ്‌ക്ക് പ്രതിപക്ഷം തയ്യാറാകുമെന്നാണ് സൂചന. ബില്ലിനെ പിന്തുണയ്‌ക്കണോ എന്നത് ഇന്ത്യ സഖ്യയോഗത്തിൽ തീരുമാനിക്കുമെന്നാണ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം വ്യക്‌തമാക്കിയത്.
അതേസമയം, സിജെപി സമരത്തിനിടെ ജന്തർ മന്തറിൽ വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിക്കെതിരെ പാർലമെന്റിൽ പ്രതിഷേധം ശക്‌തമാക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ പാർലമെന്റിലെ ഓഫീസിൽ രാവിലെ ചേരുന്ന യോഗത്തിൽ പ്രതിഷേധതന്ത്രം രൂപപ്പെടുത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പ്രത്യേക നിർദ്ദേശമില്ലാതെ പോലീസ് ഇത്രയും ക്രൂരമായി വിദ്യാർഥികളെ വേട്ടയാടില്ലെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ഇതിന് മറുപടി പറയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആവശ്യപ്പെടും. പെല്ലറ്റടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിക്കാൻ പോലീസിന് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അമിത് ഷായ്‌ക്ക് ഇന്നലെ കത്തയച്ചിരുന്നു.
സിജെപിയുടെ പാർലമെന്റ് മാർച്ചിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റെന്നാണ് വിവരം. മൂന്നുപേർ ആശുപത്രിയിൽ ചികിൽസ തേടി. സിആർപിഎഫ് അന്വേഷണത്തിൽ പെല്ലറ്റ് ഗൺ ഇപയോഗിച്ച ആർഎഎഫ് ഉദ്യോഗസ്‌ഥനെ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സിപി മേഖലയിലാണ് വിന്യസിച്ചിരുന്നത്. പെല്ലറ്റ് ഗൺ ഉപയോഗിച്ച് ഏഴ് റൗണ്ട് വെടിയുതിർത്തതായും കണ്ടെത്തിയിട്ടുണ്ട്.
Most Read| ആഫ്രിക്കയിലെ മൗണ്ട് ടുബ്‌കാൽ കൊടുമുടി കീഴടക്കി എട്ടുവയസുകാരി ഇയ്യ കൃഷ്



































