തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡെൽഹിയിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ച് കൊല്ലുമായിരുന്നു എന്ന് മോഹൻദാസ് വീഡിയോയിൽ പറഞ്ഞതാണ് വിവാദമായത്. സൈബർ സെൽ ഐജി പി. പ്രകാശ് ആണ് പരാതി അന്വേഷിക്കുക.
”എനിക്ക് ഈ സാഹചര്യം കയ്യിൽ കിട്ടിയാൽ ഞാൻ എന്ത് ചെയ്യുമെന്ന് പറയാം. ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോട് പിരിഞ്ഞുപോകാൻ മൂന്നുതവണ ആവശ്യപ്പെടും. പിന്നെ വെടിവയ്‌ക്കും. ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും, കുറേപേർ മരിക്കില്ല, കുറെപ്പേർക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം ഒരു നാലുമണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കും”- എന്നായിരുന്നു വീഡിയോയിൽ മോഹൻദാസ് പറഞ്ഞത്.
ഇതിനെതിരെ യുവജന-വിദ്യാർഥി സംഘടനകളടക്കം രംഗത്തുവന്നിരുന്നു. എഐവൈഎഫ് സംസ്‌ഥാന സെക്രട്ടറി ടിടി ജിസ്‌മോൻ, എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എംഎ നന്ദൻ, യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിപി ദുൽകിഫിൽ എന്നിവർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്.
അതിനിടെ, ടിജി മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. വിയോജിപ്പുകളെ ഉൻമൂലനം ചെയ്യുക എന്ന സംഘപരിവാറിന്റെ ഉള്ളിലിരിപ്പാണ് ഇത്തരം ക്രൂരമായ പ്രസ്‌താവനയിലൂടെ പുറത്തുവരുന്നതെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കലാപാഹ്വാനം നടത്തിയതിന് അടിയന്തരമായി കേസെടുത്ത് നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
Most Read| ‘പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം, പോലീസ് അമിതാധികാരം പ്രയോഗിക്കരുത്’


































